Kerala
നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്യും
പുതുപ്പള്ളിയിലെ വന്‍ വിജയം നല്‍കിയ ഊര്‍ജത്തിന്റെ കരുത്തിലാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തുക.
തിരുവനന്തപുരം | പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ തത്കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്ന പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. സഭയില്‍ ചോദ്യോത്തര വേളക്ക് ശേഷം പത്ത് മണിക്ക് ചാണ്ടി ഉമ്മന്‍ എം എല്‍ എയായി സ്പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് നിലവിലെ നിയമസഭാംഗങ്ങളുടെ ഫോട്ടോ സെഷനും നടക്കും. അതേസമയം പുതുപ്പള്ളിയിലെ വന്‍ വിജയം നല്‍കിയ ഊര്‍ജത്തിന്റെ കരുത്തിലാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തുക. നടപ്പുസാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ഥനകള്‍ പാസ്സാക്കുന്നതിനും നിയമ നിര്‍മാണത്തിനുമായി പ്രത്യേകം ചേര്‍ന്ന സഭയില്‍ നേരത്തെ വിവിധ വിഷയങ്ങശ് ഉന്നയിച്ച് പ്രതിപക്ഷം സര്‍ക്കാറിനെ നേരിട്ടിരുന്നു.
എന്നാല്‍ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചയാളെന്ന നിലയില്‍ ആത്മവിശ്വാസം വര്‍ധിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സര്‍ക്കാറിനെതിരെ സര്‍വ സന്നാഹങ്ങളുമായാകും സഭയിലെത്തുക. രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്തെ രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പിലും ഭരണ മുന്നണിയെ തോല്‍പ്പിച്ചത് ചെറുതല്ലാത്ത ഊര്‍ജമാണ് പ്രതിപക്ഷത്തിന് നല്‍കുന്നത്. മാസപ്പടി വിവാദം, തിരഞ്ഞെടുപ്പ് തോല്‍വി തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ മൗനം പ്രധാന ആയുധമാക്കിയായിരിക്കും പ്രതിപക്ഷം സഭയില്‍ സര്‍ക്കാറിനെ നേരിടുക.
അതേസമയം സഹതാപ തരംഗത്തിനപ്പുറം പുതുപ്പള്ളി തോല്‍വിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പാടുപെടും. കോണ്‍ഗ്രസിലെ സംഘടനാ പ്രശ്‌നങ്ങള്‍ക്കപ്പുറം പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ വലിയ ആയുധങ്ങളില്ലെന്നതും സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നതും സര്‍ക്കാറിന് വലിയ വെല്ലുവിളിയാണ്. ഇന്ന് ആരംഭിക്കുന്ന സഭാ സമ്മേളനം നേരത്തെ പരിഗണിച്ച് ബില്ലുകളും ശേഷിക്കുന്ന ബില്ലുകളും ഉപധനാഭ്യര്‍ഥനകരളും പാസ്സാക്കി ഈ മാസം 14ന് പിരിയും.
സംസ്ഥാനത്ത് പട്ടയഭൂമിയിലെ ചട്ടലംഘനങ്ങള്‍ ക്രമപ്പെടുത്തുന്നതിന് സര്‍ക്കാരിന് പരമാധികാരം നല്‍കുന്ന നിയമ ഭേദഗതി നിയമസഭ പരിഗണിച്ചേക്കും. പതിനഞ്ചാം നിയമസഭയുടെ ഒമ്പതാം സമ്മേളനം അവസാനിക്കുന്ന ഈ മാസം 14 നായിരിക്കും നിയമഭേദഗതി നിയമസഭയില്‍ അവതരിപ്പിക്കുക. ഇടുക്കിയില്‍ ഭൂവിനിയോഗ ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ ഉള്‍പ്പെടെ വലുതും ചെറുതുമായ നിര്‍മാണങ്ങള്‍ സാധൂകരിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് നിയമ ഭേദഗതിയോടെ സഭയില്‍കൊണ്ടുവരുന്നതെന്നത് ശ്രദ്ധേയമാണ്. പട്ടയഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗം ക്രമപ്പെടുത്തണമെന്ന കാലങ്ങളായി വിവിധ മേഖലകളില്‍ നിന്ന് ഉയരുന്ന ആവശ്യവും രാഷ്ട്രീയ സമ്മര്‍ദവും പരിഗണിച്ചാണ് നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. പട്ടയഭൂമി തരംമാറ്റിയുള്ള വിനിയോഗം ക്രമപ്പെടുത്താന്‍ സര്‍ക്കാരിന് അധികാരം അധികാരം നല്‍കുന്ന വ്യവസ്ഥ എഴുതിച്ചേര്‍ത്ത ഭേദഗതിയായിരിക്കും നിയമസഭാ സമ്മേളനം പരിഗണിക്കുക.