Kerala
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും; വിവാദങ്ങള്‍ ആയുധമാക്കാൻ പ്രതിപക്ഷം
വയനാട് ദുരിത ബാധിതരെ സഹായിക്കാന്‍ ആവശ്യപ്പെട്ട തുക നല്‍കാത്തതില്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനം ഭരണപക്ഷം സഭയില്‍ ഉയര്‍ത്തും.
തിരുവനന്തപുരം | നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 15ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം 18 വരെ 9 ദിവസം മാത്രമാണ് ചേരുക.ആദ്യ ദിവസമായ ഇന്ന്
വയനാട്, കോഴിക്കോട് ജില്ലകളിലെ മണ്ണിടിച്ചിലിന്റെ ഫലമായി ഉണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അന്നേ ദിവസത്തേക്ക് സഭ പിരിയും.
സമ്മേളന കാലയളവില്‍ ബാക്കി എട്ട് ദിവസങ്ങളില്‍ ആറു ദിവസങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്കും രണ്ട് ദിവസങ്ങള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കുമായി നീക്കിവച്ചിരിക്കുന്നു. ഒക്ടോബര്‍ 18ന് നടപടികള്‍ പൂര്‍ത്തീകരിച്ച് സമ്മേളനം അവസാനിപ്പിക്കുന്ന തരത്തിലാണ് കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.
അതിനിടെ എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച, പി വി അന്‍വറിന്റെ ആരോപണങ്ങള്‍, തൃശൂര്‍ പൂരം കലക്കല്‍ അടക്കം വിവിധ വിഷയങ്ങള്‍ ഭരണപക്ഷത്തിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. വയനാട് ദുരിത ബാധിതരെ സഹായിക്കാന്‍ ആവശ്യപ്പെട്ട തുക നല്‍കാത്തതില്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനം ഭരണപക്ഷം സഭയില്‍ ഉയര്‍ത്തും. വിഷയത്തില്‍ പ്രതിപക്ഷവും നിലപാട് അറിയിക്കും. അതേസമയം, കണക്കുകളിലെ പ്രശ്നങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്താനും സാധ്യതയുണ്ട്.