Kerala
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി ;സ്പീക്കര്‍ പാനല്‍ പൂര്‍ണമായും വനിതകള്‍
സ്പീക്കർ എ എൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചത്.
തിരുവനന്തപുരം | പതിഞ്ചാം കേരള നിയമ സഭയുടെ ഏഴാം സമ്മേളനത്തിന് ഇന്നു തുടക്കമാകും.സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റാന്‍ ഉള്ള ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം ഉയര്‍ത്തിയാകും പ്രധാനമായും പ്രതിപക്ഷം ഭരണപക്ഷത്തെ നേരിടുക.
ഈ വിഷയത്തില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയമായി ഉന്നയിക്കും. ഗവര്‍ണര്‍ സര്‍ക്കാര്‍ പോരും വിഴിഞ്ഞം സമരവും സഭയില്‍ സഭയെ ചൂടുപിടിപ്പിക്കും. ഗവര്‍ണറോടുള്ള സമീപനത്തില്‍ കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായി ലീഗിന് എതിര്‍പ്പ് ആണുള്ളത്.ലീഗ് നിലപാട് രാവിലെ ചേരുന്ന യുഡിഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ ഉന്നയിക്കും. പ്രതിപക്ഷ നിരയിലെ ഭിന്നത സഭയില്‍ ഭരണ പക്ഷം ആയുധമാക്കും
സ്പീക്കർ പാനൽ പൂർണമായും ഇത്തവണ വനിതകളാണ്. ഭരണ പക്ഷത്തു നിന്നും യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും കെ കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. സ്പീക്കർ എ എൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചത്. ഇതംഗീകരിച്ച് ഭരണ പക്ഷവും പ്രതിപക്ഷവും വനിതകളെ നിർദ്ദേശിക്കുകയായിരുന്നു. സ്പീക്കർ സഭയിൽ ഇല്ലാത്ത സമയങ്ങളിൽ സഭ നിയന്ത്രിക്കുന്നതിനാണ് ഈ പാനൽ.