Connect with us

Uae

ഛിന്നഗ്രഹ പര്യവേഷണം; ലാൻഡർ യു എ ഇയിൽ വികസിപ്പിക്കും

എം ബി ആർ എക്‌സ്‌പ്ലോററിൽ ഉൾപ്പെടുന്ന ലാൻഡർ വികസിപ്പിക്കാനും നടപ്പിലാക്കാനും ടി ഐ ഐ ക്കാണ് ചുമതല.

Published

|

Last Updated

ദുബൈ|എമിറേറ്റ്സ് ദൗത്യത്തിന്റെ ഭാഗമായി ആസ്റ്ററോയിഡ് ബെൽറ്റിലേക്ക് പര്യവേഷണം നടത്തുന്നതിനായി ലാൻഡർ വികസിപ്പിക്കുന്നതിനുള്ള കരാർ ഒപ്പുവെച്ചു. ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സുപ്രീം സ്പേസ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഒപ്പുവെക്കൽ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
കായിക മന്ത്രിയും യു എ ഇ സ്പേസ് ഏജൻസി ചെയർമാനുമായ ഡോ. അഹ്്മദ് ബിൽഹൂൽ അൽ ഫലാസിയും യു എ ഇ പ്രസിഡന്റിന്റെ ഗവേഷണ, നൂതന സാങ്കേതിക കാര്യ ഉപദേഷ്ടാവും ടെക്നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ടി ഐ ഐ) പ്രതിനിധിയുമായ ഫൈസൽ അൽ ബന്നയുമാണ് കരാറിൽ ഒപ്പുവച്ചത്.

ബഹിരാകാശ പര്യവേഷണ യാത്ര യു എ ഇയെ നവീകരണത്തിനും നൂതന സാങ്കേതികവിദ്യയ്ക്കും വേണ്ടിയുള്ള ഒരു ആഗോള കേന്ദ്രമാക്കി മാറ്റുകയും ആഗോള ബഹിരാകാശ മേഖലയിലെ ഒരു നേതാവാക്കുകയും ചെയ്യുക കാഴ്ചപ്പാടിനെ പിന്തുടരുന്നുവെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. നമ്മുടെ സ്വപ്നങ്ങളെ മനുഷ്യരാശിയുടെ പുരോഗതിക്ക് സംഭാവന നൽകുന്ന നേട്ടങ്ങളാക്കി മാറ്റാനുള്ള അഭിലാഷത്തെ ഈ ദൗത്യം പിന്തുണക്കുന്നു. അസാധ്യമായത് നേടാനും പുതിയ ചക്രവാളങ്ങൾ പര്യവേക്ഷണം ചെയ്യാനും യു എ ഇയിലെ തലമുറകളെ ഇത് പ്രചോദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം ബി ആർ എക്‌സ്‌പ്ലോററിൽ ഉൾപ്പെടുന്ന ലാൻഡർ വികസിപ്പിക്കാനും നടപ്പിലാക്കാനും ടി ഐ ഐ ക്കാണ് ചുമതല. ദൗത്യത്തിന്റെ 50 ശതമാനം സ്വകാര്യ മേഖല കമ്പനികൾക്ക് അനുവദിക്കും. ലാൻഡറിന്റെ രൂപകൽപ്പന, വികസനം, പരീക്ഷണ ഘട്ടങ്ങൾ എന്നിവക്ക് ടി ഐ ഐ നേതൃത്വം നൽകും. പ്രോഗ്രാമിന്റെ വിവിധ വശങ്ങൾ നയിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് അവസരങ്ങൾ നൽകും.
നിരവധി അക്കാദമിക് സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ യു എ ഇയിലാണ് ലാൻഡർ വികസിപ്പിക്കുക.

യു എ ഇ ആസ്ഥാനമായുള്ള രണ്ട് സ്റ്റാർട്ടപ്പ് കമ്പനികളായ 971 സ്പേസ്, സദീം സ്പേസ് സൊല്യൂഷൻസ് എന്നിവയാണ്  ലാൻഡറിന്റെ മിഷൻ കൺസെപ്റ്റ് റിവ്യൂ (എം സി ആർ) തയ്യാറാക്കിയത്.  13 വർഷം നീണ്ടുനിൽക്കുന്നതാണ് ദൗത്യം. ആറ് വർഷത്തെ ബഹിരാകാശ പേടക വികസന ഘട്ടവും തുടർന്ന് ചൊവ്വക്ക് അപ്പുറത്തുള്ള പ്രധാന ഛിന്നഗ്രഹ വലയത്തിലേക്കുള്ള ഏഴ് വർഷത്തെ യാത്രയും നടക്കും.

 

 

---- facebook comment plugin here -----

Latest