Articles
കരയാൻ ദുഷ്യന്ത് ദവെയെങ്കിലുമുണ്ടായി
പൗരാണികമായ മുസ്‌ലിം പള്ളികള്‍ ഒന്നിനു പിറകെ മറ്റൊന്നായി പിടിച്ചെടുക്കാനുള്ള ഭൂരിപക്ഷ വര്‍ഗീയവാദികളുടെ ശ്രമങ്ങള്‍ തടയുന്നതില്‍ സുപ്രീം കോടതി എങ്ങനെ പരാജയപ്പെടുന്നുവെന്ന ചോദ്യത്തിന് ശാഹി മസ്ജിദിന്റെയും അജ്മീർ ദര്‍ഗയുടെയും അനുഭവം മുന്നില്‍വെച്ച് ഉത്തരവാദികള്‍ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു ദവെ
രാജ്യത്തെ മുസ്‌ലിംകള്‍ ഇന്ന് നേരിടുന്ന ദുരന്തസമാനമായ വെല്ലുവിളികളെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ വന്ദ്യവയോധികനായ ആ നിയമജ്ഞന്‍ പൊട്ടിക്കരയുന്നത് കണ്ടു. അദ്ദേഹം പറയുകയാണ്, “ന്യൂനപക്ഷങ്ങളുടെ ദുര്‍ഗതിയോര്‍ത്ത് ഉറക്കമില്ലാത്ത രാവുകളാണ് എനിക്കിപ്പോള്‍. ഇത് കണ്ട് എന്റെ ഭാര്യ എല്ലാ ദിവസവും എന്നോട് ചോദിക്കുകയാണ്, ഇത്തരം വിഷയങ്ങളില്‍ നിങ്ങള്‍ എന്തിനാണ് ഇത്രമാത്രം ഇടപെടുന്നതെന്ന്. ഞാന്‍ ഇടപെടുന്നത് എന്റെ രാജ്യത്തെ കുറിച്ചുള്ള പരിഭ്രാന്തിയിലാണ്. ന്യൂനപക്ഷങ്ങളെ എന്തുമാത്രം ഇത് ബാധിക്കുന്നു. വേദനാജനകമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ബുദ്ധിശൂന്യമായ ഇത്തരം കാര്യങ്ങളെ കുറിച്ച് എഴുന്നേറ്റ് നിന്ന് ചോദിക്കാന്‍ ഈ രാജ്യത്ത് ഒരാളുമില്ല എന്നതാണ് ഏറെ സങ്കടകരം’- വിഖ്യാത മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായി “ദി വയര്‍’ ഓണ്‍ലൈന്‍ പോര്‍ട്ടലിനു വേണ്ടിയുള്ള അഭിമുഖത്തിലാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനും ഹിന്ദുത്വക്കെതിരെ നിരന്തരം പോരാടുന്ന നിയമജ്ഞനുമായ ദുഷ്യന്ത് ദവെ ഹൃദയം തുറന്നത്. കൈകള്‍ കൊണ്ട് മുഖം പൊത്തി കണ്ണീര്‍ തുടക്കുന്ന ദവെയോട് കരണ്‍ ഥാപ്പര്‍ ഒടുവില്‍ പറഞ്ഞതിങ്ങനെ: “ഇത്ര ശക്തമായ ഒരഭിമുഖത്തിന് അങ്ങേയറ്റത്തെ നന്ദിയുണ്ട്. നിങ്ങളുടെ ശബ്ദവും കണ്ണിലെ അശ്രുകണങ്ങളും ഒരുപാട് സത്യങ്ങള്‍ വിളിച്ചുപറയുന്നുണ്ട്’.
പൗരാണികമായ മുസ്‌ലിം പള്ളികള്‍ ഒന്നിനു പിറകെ മറ്റൊന്നായി പിടിച്ചെടുക്കാനുള്ള ഭൂരിപക്ഷ വര്‍ഗീയവാദികളുടെ ശ്രമങ്ങള്‍ തടയുന്നതില്‍ സുപ്രീം കോടതി എങ്ങനെ പരാജയപ്പെടുന്നുവെന്ന ചോദ്യത്തിന് സംഭലിലെ ശാഹി മസ്ജിദിന്റെയും അജ്മീറിലെ ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി ദര്‍ഗയുടെയും അനുഭവം മുന്നില്‍വെച്ച് ഉത്തരവാദികള്‍ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു ദവെ. രാഷ്ട്രീയക്കാരുടെ കൈകളില്‍ പാവയായി മാറിയ മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിവേകശൂന്യമായ ഇടപെടലാണ് 1991ലെ ആരാധനാലയ നിയമം നിലവിലിരിക്കെ, മുസ്‌ലിം ചരിത്രശേഷിപ്പുകളുടെ അടിത്തറ മാന്താന്‍ സംഘ്പരിവാറിന് അവസരമൊരുക്കിക്കൊടുത്തത് എന്നിടത്താണ് പ്രശ്‌നങ്ങളുടെ മര്‍മം. 465 വര്‍ഷം പഴക്കമുള്ള ആ ആരാധനാലയത്തെ തര്‍ക്കത്തിനും കോടതിവ്യവഹാരങ്ങള്‍ക്കും വിട്ടുകൊടുത്ത് കോണ്‍ഗ്രസ്സ് രൂപം കൊടുത്ത പ്രശ്‌നപരിഹാര ഫോര്‍മുലയില്‍ നിന്നാണ് 1991ലെ നിയമം പിറവി കൊള്ളുന്നത്. അതിന്റെ രാഷ്ട്രീയ പശ്ചാത്തലമാകട്ടെ കേരളത്തിലെ ചില രാഷ്ട്രീയ സംഭവവികാസങ്ങളും.
കോണ്‍ഗ്രസ്സിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് 1991 ഫെബ്രുവരി 13ന് കോഴിക്കോട്ട് ലീഗ് ഹൗസില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യു ഡി എഫ് വിടാന്‍ തീരുമാനിച്ചത് ഞെട്ടലോട് കൂടിയാണ് രാഷ്ട്രീയ കേരളം ശ്രവിച്ചത്. രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ്സ് സ്വീകരിച്ച മൃദുഹിന്ദുത്വ നിലപാടില്‍ രോഷാകുലനായ പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ഇബ്‌റാഹീം സുലൈമാന്‍ സേട്ടായിരുന്നു ആ തീരുമാനത്തിന്റെ മുഖ്യപ്രചോദനം. എന്നാല്‍ അധികം താമസിയാതെ ലീഗിനെ യു ഡി എഫിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ ബല്‍റാം ഝാക്കറുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സംഘം കേരളത്തിലെത്തി. പൊടുന്നനെ, നിയമസഭ, പാര്‍ലിമെന്റ്തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചതായിരുന്നു പശ്ചാത്തലം. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഭാവിയില്‍ അയോധ്യക്ക് സമാനമായ തര്‍ക്കങ്ങള്‍ ഉയരാതിരിക്കാന്‍ നിയമനിര്‍മാണത്തിന് കോണ്‍ഗ്രസ്സ് മുന്നോട്ടുവന്നു. അങ്ങനെയാണ് 1947 ആഗസ്റ്റ് 15ന് ആരാധനാലയത്തിന്റെ അവസ്ഥ എന്തായിരുന്നുവോ തല്‍സ്ഥിതി നിലനിര്‍ത്താനുള്ള പ്രത്യേക വ്യവസ്ഥകളോട് കൂടിയ നിയമം പാസ്സാക്കുന്നത്. ഈ നിയമത്തിന്റെ ഭരണഘടനാ സാധുത പരമോന്നത നീതിപീഠം 2019ലെ അയോധ്യ വിധിയില്‍ അംഗീകരിച്ചതാണ്. കോടതി അന്ന് പറഞ്ഞത് കേള്‍ക്കൂ: ഒരു മതത്തിന്റെ വിശ്വാസത്തെയും ബോധ്യങ്ങളെയും മറ്റൊരു മതത്തിന്റേതില്‍ നിന്ന് വിഭിന്നമായി ഭരണഘടന കാണുന്നില്ല. എല്ലാ തരത്തിലുള്ള വിശ്വാസങ്ങളും ആരാധനകളും അനുഷ്ഠാനങ്ങളും തുല്യമാണ്. മുഗള്‍ രാജാക്കന്മാര്‍ ഹൈന്ദവ ആരാധനാലയങ്ങള്‍ക്കെതിരെ ചെയ്ത പ്രവൃത്തികളുടെ പേരിലുള്ള അവകാശവാദങ്ങള്‍ വര്‍ത്തമാനകാല ന്യായാസനങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ല. പൗരാണിക ഭരണകര്‍ത്താക്കളുടെ ചെയ്തികള്‍ക്ക് ഉത്തരമോ പോംവഴിയോ തേടിയാല്‍ നിയമത്തിന് മറുപടി നല്‍കാനാകില്ല. ധാര്‍മികമായി തെറ്റാണെന്ന് ഇന്ന് വിലയിരുത്തുന്ന, അല്ലെങ്കില്‍ വര്‍ത്തമാനകാലത്ത് കോലാഹലങ്ങള്‍ക്ക് വഴിവെച്ചേക്കാവുന്ന സംവാദങ്ങള്‍ കെട്ടഴിച്ചുവിടുന്ന സംഭവങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ചരിത്രം. അതുകൊണ്ട് രാജാക്കന്മാര്‍ അത് ചെയ്തു, ഇത് ചെയ്തു എന്ന് പറഞ്ഞ് വിവാദങ്ങളുണ്ടാക്കി സമൂഹത്തിന്റെ സമാധാനം കെടുത്തരുതെന്നാണ് ഡി വൈ ചന്ദ്രചൂഡ് തന്നെ തയ്യാറാക്കിയതെന്ന് കരുതപ്പെടുന്ന വിധിന്യായത്തില്‍ (ആരാണ് വിധി എഴുതിയത് എന്ന് തുറന്നുപറയാന്‍ കോടതി ധൈര്യപ്പെട്ടിരുന്നില്ലല്ലോ) ഓര്‍മപ്പെടുത്തുന്നത്. പിന്നീടെന്തു സംഭവിച്ചുവെന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് ദുഷ്യന്ത് ദവെയെ പോലുള്ളവര്‍ക്ക് ഡി വൈ ചന്ദ്രചൂഡ് ഈ രാജ്യത്തോടും ന്യൂനപക്ഷങ്ങളോടും ചെയ്ത ക്രൂരതയെ കുറിച്ച് പരിതപിക്കേണ്ടി വരുന്നത്. ഭരണഘടനയോടും രാജ്യത്തോടും കൊടും അന്യായമാണ്, ഷാബാനു ബീഗം വിധിയിലൂടെ രാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്തിയ വൈ വി ചന്ദ്രചൂഡിന്റെ പുത്രന്‍ കാട്ടിയതെന്നാണ് ദുഷ്യന്ത് ദവെ രോഷം കൊള്ളുന്നത്. 2022ല്‍ നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ ഗ്യാന്‍ വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടത്തി ഔറംഗസീബ് മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്താണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ ശക്തികള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ അന്ന് ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബഞ്ച് അതിന് അനുമതി നല്‍കുകയായിരുന്നു. അതിന് അദ്ദേഹം മുന്നോട്ടുവെച്ച ന്യായമെന്തന്നല്ലേ? തര്‍ക്കത്തിലുള്ള ആരാധനാലയത്തിന്റെ സ്വഭാവം മാറ്റുന്നത് മാത്രമാണ് 1991ലെ നിയമം തടയുന്നുള്ളൂ, അതിന്റെ തനത് സ്വഭാവം പരിശോധിക്കുന്നതില്‍ അപാകത കാണേണ്ടതില്ല. ബാലിശവും യുക്തിരഹിതവും പക്ഷപാതപരവുമായ ഈ തീര്‍പ്പിനെയാണ് ഭരണഘടനയോടുള്ള വഞ്ചനയായി ദുഷ്യന്ത് ദവെ വിശേഷിപ്പിക്കുന്നത്. ആ വിധി തുറന്നുവിട്ട മുസ്‌ലിം വിരുദ്ധ നീക്കങ്ങളുടെ പരിണതിയാണ് സംഭലും അജ്മീറും തുടങ്ങി പള്ളികള്‍ക്ക് നേരെയുള്ള ഹിന്ദുത്വവാദികളുടെ യുദ്ധപ്രഖ്യാപനം.
ഉത്കണ്ഠാകുലമായ
പീഡനകാലം
എത്ര പള്ളികളുടെ അടിത്തറ മാന്തിയാലാണ് അല്ലെങ്കില്‍ കുഴിമാടങ്ങള്‍ കുഴിച്ചുനോക്കിയാലാണ് ആര്‍ എസ് എസും അനുയായിവൃന്ദവും സംതൃപ്തരാകുക? വര്‍ത്തമാന ഇന്ത്യയില്‍ പള്ളി ഒരു പ്രതീകം മാത്രമാണ്. അതിന്മേലുള്ള അവകാശവാദം അല്ലെങ്കില്‍ അതിക്രമം മുസ്‌ലിംകളുടെ അസ്തിത്വത്തിന്മേലുള്ള യുദ്ധപ്രഖ്യാപനമായി അവര്‍ സ്വയം കാണുന്നു. ഭൂരിപക്ഷാധിപത്യത്തിന്റെയും അധികാരവാഴ്ചയുടെയും അഹങ്കാരം നിറഞ്ഞ ബലപ്രയോഗമാണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത്. ഒരു പള്ളിയിലേക്കുള്ള കടന്നുകയറ്റം ഒരു ജനതയുടെ സ്വൈരജീവിതത്തോടുള്ള വെല്ലുവിളിയും അരാജകത്വം അടിച്ചേല്‍പ്പിക്കാനുള്ള ആസൂത്രിത നീക്കവുമാണ്. ഭരണവര്‍ഗവും പോലീസും നീതിന്യായ വ്യവസ്ഥയും ഹിന്ദുത്വവാദികളും ഒത്തുകൊണ്ടുള്ള നശീകരണ പദ്ധതിയുടെ പ്രയോഗവത്കരണമാണ് ഓരോ സ്ഥലത്തും നടക്കുന്നതെന്ന് സംഭലിന്റെ ഇന്നത്തെ ദുരവസ്ഥ വിളിച്ചുപറയുന്നു. നവംബര്‍ 19 വരെ ശാന്തമായിരുന്ന ആ പട്ടണത്തിന്റെ അന്തരീക്ഷം ഇന്ന് കലുഷിതവും ഭീതിജനകവുമാണ്. 500 വര്‍ഷം പഴക്കമുള്ള ആ പള്ളി ഹരിഹര ക്ഷേത്രം തകര്‍ത്താണ് പണിതതെന്ന ഒരു കൂട്ടം വര്‍ഗീയവാദികളുടെ ജല്‍പ്പനത്തിനു മുന്നില്‍ കീഴടങ്ങിയ സിവില്‍ കോടതിയും ആര്‍ക്കിയോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഹിന്ദുത്വ ഭരണകൂടത്തിന്റെ ബീഭല്‍സ മുഖമാണ് തുറന്നുകാട്ടുന്നത്. പള്ളിയില്‍ കയറി അനര്‍ഥങ്ങള്‍ക്ക് തുടക്കമിട്ടപ്പോള്‍ പട്ടണത്തിലെ മുസ്‌ലിംകളുടെ ജീവിതം തന്നെ താറുമാറായി. അഞ്ച് ചെറുപ്പക്കാരുടെ ജീവനെടുക്കുകയും അവരുടെ കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തെറിയുകയും ചെയ്തു എന്ന് മാത്രമല്ല, ഇന്ന് പോലീസിന്റെ ഭീകരവാഴ്ചയാണ് അവിടെ നടമാടുന്നത്. പോലീസ് കസ്റ്റഡിയിലെടുത്തവര്‍ അഴികള്‍ക്കുള്ളിലാണ്. പട്ടാപ്പകല്‍ നാട്ടുകാരുടെ നേരെ പോലീസ് വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ട് ലോകം ഞെട്ടിയിട്ടും നാട്ടുകാരാണ് വെടിയുതിര്‍ത്തതെന്ന് ആരോപിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് മുതിരുകയാണ് യോഗി സര്‍ക്കാര്‍.
“ഹിന്ദുസ്ഥാനിലെ കിരീടം വെക്കാത്ത പ്രഥമ സുല്‍ത്താന്‍’ എന്ന് പുകഴ്ത്തിപ്പാടാറുള്ള അജ്മീറിലെ ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ മണ്ണില്‍ അഴിച്ചുവിടുന്ന വിദ്വേഷത്തിന്റെയും ശത്രുതയുടെയും പ്രചാരണം ഏറ്റവും കൂടുതല്‍ മുറിവേല്‍പ്പിക്കുക അവിടെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഹിന്ദുക്കള്‍ അടക്കമുള്ള കുറെ മനുഷ്യരുടെ ഹൃദയത്തിലാണ്. പുഷ്പഗന്ധം പരത്തുന്ന അതിന്റെ അന്തരീക്ഷവും ജാതിമത ചിന്തകള്‍ക്കതീതമായി തുറന്നിട്ട അവിടുത്തെ ഊട്ടുപുരയും സംഘി അല്ലാത്ത ആരെയാണ് മനുഷ്യത്വത്തിന്റെ ഉദാത്ത ഭാവത്തിലേക്ക് കൈപിടിച്ചുയര്‍ത്താത്തത്. അജ്മീറില്‍ നിന്ന് തുടങ്ങിയാല്‍ കുത്തബ്മീനാറും ദില്ലി ജുമാമസ്ജിദും നിസാമുദ്ദീന്‍ ഔലിയയുടെ മഖ്ബറയുമെല്ലാം എളുപ്പത്തില്‍ തട്ടിനിരപ്പാക്കാമെന്ന് ഹിന്ദുത്വര്‍ കണക്കുകൂട്ടുന്നുണ്ടാകണം. ഇത്തരം ചിന്തകളും ചെയ്തികളും ന്യൂനപക്ഷ സമൂഹത്തിന്റെ നേരെ ഉയര്‍ത്തുന്ന ഭീഷണിയും അത് സൃഷ്ടിക്കുന്ന അരാജകത്വവും രാജ്യത്തെ എവിടെ കൊണ്ടെത്തിക്കും എന്ന വെല്ലുവിളിയാണ് ദുഷ്യന്ത് ദവെയെ പോലുള്ളവരെ കരയിക്കുന്നത്. ചരിത്രത്തില്‍ നിന്ന് അടര്‍ത്തി മാറ്റി ഒരു ജനതയുടെ വര്‍ത്തമാനകാല ജീവിതത്തെ ദുരന്തകലുഷിതമാക്കുക എന്ന സയണിസ്റ്റ് ചിന്തയാണ് ആര്‍ എസ് എസിനെയും ഭരിക്കുന്നത്.
രാജ്യചരിത്രത്തിലുടനീളം സാമുദായിക സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ടെങ്കിലും 2014 തൊട്ടാണ് സ്ഥിതിഗതികള്‍ ഇത്രക്കും വഷളായതെന്ന് മോദിവാഴ്ചക്ക് കീഴില്‍ സേവനമനുഷ്ഠിച്ച ഡല്‍ഹി മുന്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ്, മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറൈശി അടക്കമുള്ളവര്‍ക്ക് തുറന്നുപറയേണ്ടിവരുന്നു. മധ്യകാലഘട്ടത്തിലെ പള്ളികളിലും ദര്‍ഗകളിലും പുരാവസ്തു സര്‍വേ നടത്താന്‍ സമ്മര്‍ദം ചെലുത്തുകയാണ് വലതുപക്ഷ ഗ്രൂപ്പുകള്‍. ആരാധനാലയ സംരക്ഷണ നിയമം ഇത്തരം ശ്രമങ്ങള്‍ക്ക് തടയിടേണ്ടതായിരുന്നിട്ടും ചില കോടതികള്‍ ഇക്കാര്യത്തില്‍ അനാവശ്യ തിടുക്കം കാട്ടുകയാണെന്നും കത്തില്‍ പരിഭവിക്കുന്നുണ്ട്.
ന്യൂനപക്ഷങ്ങളുടെ വര്‍ത്തമാനകാല പരിതാവസ്ഥ ഹിന്ദുരാഷ്ട്രീയത്തിന്റെ ആത്യന്തിക ലക്ഷ്യമാണെന്നും സവര്‍ക്കറും ഗോള്‍വാള്‍ക്കറും വിഭാവന ചെയ്ത ഹിന്ദുരാഷ്ട്രത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പൗരസ്വാതന്ത്ര്യം പൂര്‍ണമായും അവകാശപ്പെടാന്‍ അര്‍ഹതയില്ലെന്നും എന്നോ എഴുതിവെച്ചതാണ്. ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും വിഭാവനം ചെയ്യുന്ന ഒരു ഭരണഘടന പൂര്‍ണമായും ഉന്മൂലനം ചെയ്യാനുള്ള പാര്‍ലിമെന്റിലെ അംഗബലക്കുറവ് മാത്രമാണ് മോദി സര്‍ക്കാറിനെ ആ ഉദ്യമത്തില്‍ നിന്ന് തത്കാലത്തേക്ക് പിന്തിരിപ്പിക്കുന്നത്. അപ്പോഴും ന്യൂനപക്ഷ പീഡനം മുഖ്യ അജന്‍ഡയായി എടുത്ത് ഭൂരിപക്ഷാധിപത്യം തെളിയിച്ചുകൊടുക്കാനുള്ള ഹീന ശ്രമങ്ങള്‍ പുറത്തെടുത്തുകൊണ്ടിരിക്കുകയാണ് അവര്‍.
വിഭജന കാലത്തേക്കുള്ള
തിരിച്ചുപോക്കോ?
വര്‍ഗീയ സംഘര്‍ഷങ്ങള്‍ സ്വതന്ത്ര ഇന്ത്യയുടെ ശാപമായിരുന്നുവെങ്കിലും അത് അടിച്ചമര്‍ത്താനും കാലുഷ്യം പടരാതിരിക്കാനും ഭരണകൂടങ്ങള്‍ ഒരു പരിധിവരെ ശ്രമിച്ചിരുന്നു. എന്നാല്‍, ഇന്നത്തെ അവസ്ഥ വ്യത്യസ്തമാകുന്നത് ഭരിക്കുന്നവരുടെ ഒത്താശയോടെയാണ് എല്ലാ ക്രൂരതകളും അരങ്ങേറുന്നത് എന്നതാണ്. ബുള്‍ഡോസര്‍ രാജ് യോഗി ആദിത്യനാഥിന്റെ കൈയിലെ ആയുധമായിരുന്നു. ആള്‍ക്കൂട്ട കൊലയില്‍ യു പിയും ഹരിയാനയും ഗുജറാത്തും മത്സരിച്ചുകൊണ്ടിരുന്നു. ഇന്ന് വഖ്ഫിന്റെ പേരിലാണ് മുസ്‌ലിംകളുടെ രാക്ഷസീയവത്കരണം നടക്കുന്നത്. ചരിത്രകാരനായ ഡബ്ല്യു സി സ്മിത്ത് ചൂണ്ടിക്കാട്ടിയത് പോലെ എല്ലാവരാലും തിരസ്‌കരിക്കപ്പെട്ട്, അവിശ്വസിക്കപ്പെട്ട്, ഭയചകിതരായി കഴിയേണ്ടിവന്ന സ്വാതന്ത്ര്യാനന്തര ഇന്ത്യലെ മുസ്‌ലിംകളുടെ അവസ്ഥ വീണ്ടും വന്നുഭവിക്കുകയാണോ എന്ന ഭീതി അസ്ഥാനത്തല്ല. എവിടെയായാലും ഒരു ന്യൂനപക്ഷമായി കഴിയുക എന്നത് എളുപ്പമുള്ളതോ തൃപ്തിദായകമോ ആയ ഒന്നല്ല എന്ന് സ്മിത്ത് ഓര്‍മപ്പെടുത്തുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് ഭരണഘടനയിലും അന്താരാഷ്ട്ര ഉടമ്പടികളിലും ന്യൂനപക്ഷങ്ങളുടെ ധനമാനാദികള്‍ക്കുള്ള സുരക്ഷയും സാംസ്‌കാരിക പരിപോഷണത്തിനായുള്ള വ്യവസ്ഥകളും ലിഖിതമായി തയ്യാറാക്കിവെക്കുന്നത്. മതേതര ഇന്ത്യ ഒരിക്കലും പീഡിതരുടെ രക്ഷക്ക് എത്തുന്നില്ല എന്നിടത്താണ് അപകടം പതിയിരിക്കുന്നത്. അഞ്ച് ദിവസം പാര്‍ലിമെന്റ് സ്തംഭിപ്പിച്ചത് അദാനിയുടെ പിന്നാലെ ഓടിയത് കൊണ്ടാണ്. അഞ്ച് യുവാക്കള്‍ വെടിയേറ്റ് മരിച്ച സംഭല്‍ അടിയന്തരമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയിരുന്നുവോ? ഇല്ല. താന്‍ ജീവിക്കുന്ന കാലഘട്ടത്തിന്റെ ഭീകരത കണ്ട് ദുഷ്യന്ത് ദവെ എന്ന മനുഷ്യസ്‌നേഹി ഹൃദയം നുറുങ്ങുന്ന വേദനയില്‍ വിതുമ്പിക്കരഞ്ഞത് അതുകൊണ്ടാണല്ലോ.