Connect with us

Kerala

ഇന്നെങ്കിലും, പ്ലീസ്!

വിജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ

Published

|

Last Updated

കൊച്ചി | ദയനീയ പ്രകടനത്തെ തുടർന്ന് പരിശീലകൻ മൈക്കൽ സ്റ്റാറെയെയും സഹപരിശീലകരെയും പുറത്താക്കിയതിന് ശേഷമുള്ള ആദ്യ മത്സരത്തിന് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇന്ന് രാത്രി 7.30ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കൊൽക്കത്തൻ ക്ലബ് മുഹമ്മദൻ എസ് സിയെ നേരിടും.

ടീമിന്റെ ദയനീയ പരാജയങ്ങളിൽ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട പരസ്യമായി പ്രതിഷേധിച്ചതിന് പിന്നാലെയുള്ള ആദ്യ മത്സരമെന്നതും ഇന്നത്തെ കളിയെ ശ്രദ്ധേയമാക്കുന്നുണ്ട്. മാനേജ്‌മെന്റിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഗ്രൗണ്ടിനകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് മഞ്ഞപ്പട അറിയിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സ് പ്രേമികളെ തണുപ്പിക്കാൻ കോച്ചിനെ മാറ്റിയെങ്കിലും അത് വിപരീത ഫലമാണുണ്ടാക്കിയത്. സ്വന്തം കഴിവുകേടുകൾക്ക് സ്റ്റാറെയെ ബലിയാടാക്കിയെന്ന നിലപാടാണ് മഞ്ഞപ്പടക്കുള്ളത്. ഇതുവരെ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്. ഇതിലൊന്ന് മുഹമ്മദൻസിനെതിരെ അവരുടെ തട്ടകത്തിലായിരുന്നു. നിലവിൽ അവസാന സ്ഥാനത്താണ് കൊൽക്കത്തൻ ടീം. ബ്ലാസ്റ്റേഴ്‌സാകട്ടെ 11 പോയിന്റുമായി 11ാം സ്ഥാനത്തും. അവസാന നാല് കളികളിലും ടീം തോറ്റു.

പല കാരണങ്ങളാൽ ഇന്നത്തെ മത്സരം പ്രധാനപ്പെട്ടതാണെന്ന് ടീം നായകൻ അഡ്രിയാൻ ലൂണ പറയുന്നു. ഒരാഴ്ചയായി ടീം കഠിന പരിശീലനത്തിലായിരുന്നു. ആരാധകരുടെ വികാരം മനസ്സിലാക്കുന്നുവെന്ന് പറയുന്ന ലൂണ, എല്ലാ മത്സരങ്ങളിലും ടീം പരമാവധി നൽകുന്നുണ്ടെന്നും എല്ലായ്‌പ്പോഴും ഫലം ഒന്നാകില്ലെന്നും മറുപടി നൽകി.

ടീമിന്റെ മോശം പ്രകടനത്തിൽ പ്രതിരോധനിരയെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്ന് മലയാളിയായ താത്കാലിക പരിശീലകൻ ടി ജി പുരുഷോത്തമൻ പറഞ്ഞു. ഫുട്‌ബോൾ ഒരു ടീം വർക്കാണ്. എല്ലാവരും അവരവരുടെ പരമാവധി പ്രകടനം നടത്തുന്നുണ്ട്. ടീമിന്റെ തോൽവിക്ക് ഏതെങ്കിലും ഒരു വിഭാഗത്തെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്നും പുരുഷോത്തമൻ പറഞ്ഞു. ഇന്നത്തെ മത്സരത്തിൽ വിലപ്പെട്ട മൂന്ന് പോയിന്റ് മാത്രമാണ് ലക്ഷ്യം. നമ്മൾ ഒരു കുടുംബമാണ്, നമ്മൾ ഒരുമിച്ച് നേടും- ആരാധക പ്രതിഷേധത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു കോച്ചിന്റെ മറുപടി.

കന്നി ലീഗ് കളിക്കുന്ന മുഹമ്മദൻ എസ് സിക്ക് ഇതുവരെ ഫോമിലെത്താനായിട്ടില്ല. ചെന്നൈയിൻ എഫ് സിയെ അവരുടെ വേദിയിൽ തോൽപിച്ചതാണ് ഏക നേട്ടം. 11 കളിയിൽ നിന്ന് ആകെ അഞ്ച് പോയിന്റുകൾ മാത്രം. ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ സാഹചര്യം മുതലെടുത്ത് രണ്ടാം ലീഗ് ഘട്ടത്തിലെ രണ്ടാം ജയമാണ് ടീം ലക്ഷ്യമിടുന്നത്. ഒക്ട്‌ബോറിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ 2-1നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. തുടർതോൽവികളിലെ മോശം റെക്കോർഡ് ഒഴിവാക്കാനും ആതിഥേയർക്ക് ഇന്ന് ജയം അനിവാര്യമാണ്. 2022-23 സീസണിൽ ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായി നാല് മത്സരങ്ങൾ പരാജയപ്പെട്ടിരുന്നു.