Connect with us

pravasam

അഞ്ച് പതിറ്റാണ്ട് നീണ്ട പ്രവാസത്തിനൊടുവില്‍ സിദ്ദീഖ് നാടണഞ്ഞു

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ കാലം മുതല്‍ യു എ ഇയുടെ വളര്‍ച്ചയും കരുതലും നേരിട്ട് അറിഞ്ഞ വ്യക്തിത്വം

Published

|

Last Updated

അബൂദബി | മലയാളികളുടെ ഗള്‍ഫ് കുടിയേറ്റത്തിന്റെ ആരംഭ കാലഘട്ടത്തില്‍ തുടങ്ങി, 50 വര്‍ഷത്തോളം നീണ്ടുനിന്ന പ്രവാസ ജീവിതം അവസാനിപ്പിച്ച് കണ്ണൂര്‍ സ്വദേശി സിദീഖ് നാടണഞ്ഞു. 1970ല്‍ കണ്ണൂരില്‍ നിന്ന് ബസില്‍ ബോംബെയിലെത്തി അവിടെ നിന്നും അബുദാബിയിലെത്തിയതാണ് സിദ്ദീഖ്. യു എ ഇ ആംഡ് ഫോഴ്‌സില്‍ ഡോക്യുമെന്റ് കണ്‍ട്രോളറായിട്ടായിരുന്നു ആദ്യ ജോലി. സ്വദേശിവത്കരണത്തിന്റെ ഭാഗമായി 29 വര്‍ഷത്തെ സേവനത്തിന് ശേഷം ആംഡ് ഫോഴ്സിലെ ജോലി നിര്‍ബന്ധിതമായി ഉപേക്ഷിക്കേണ്ടി വന്നു. ഇന്നത്തെ പോലെ ജോലി കിട്ടാന്‍ പ്രയാസമില്ലാത്തതിനാല്‍ നാളുകള്‍ക്കുള്ളില്‍ അബുദാബിയിലെ അല്‍ ജിക്കോയില്‍ പുതിയ ജോലി ലഭിച്ചു. 15 വര്‍ഷം അവിടെ ജോലി ചെയ്താണ് പ്രവാസ ജീവിതം അവസാനിപ്പിക്കുന്നത്.

വര്‍ഷങ്ങളുടെ ജോലിപരിചയത്തിലും ജോലിയോടുള്ള അര്‍പ്പണമനോഭാവത്തിലും ജീവിതവിജയം കൈവരിക്കാന്‍ കഴിഞ്ഞു എന്നതാണ് സിദ്ദിഖിന്റെ ജീവിതാനുഭവം. പ്രവാസ ജീവിതത്തിനിടയിലെ ഏറ്റവും വലിയ ദുഃഖം എന്തെന്ന് ചോദിച്ചാല്‍ സിദീഖ് പറയും സാഹചര്യങ്ങളുടെ പ്രതികൂലത കൊണ്ട് ഉപ്പയുടെയും ഉമ്മയുടെയും മരണസമയത്ത് അവരുടെ അടുത് ഇല്ലാതെ പോയതും അവസാനമായി അവരെ ഒരു നോക്ക് കാണാന്‍ പറ്റാതെ പോയതുമാണെന്ന് സിദ്ദീഖ് പറയും.

യു എ ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ കാലം മുതല്‍ ആ നാടിന്റെ വളര്‍ച്ചയും കരുതലും നേരിട്ട് അറിഞ്ഞ സിദ്ദിഖ് വേദനയോടെയാണ് നാടണയുന്നത്. മുസഫ്ഫയിലെ പ്രവാസി ശ്രീ സംഘടന, അബുദാബി ,അല്‍ ബഹിയയിലെ വിവിധ ഫാമിലി ഗ്രൂപ്പുകള്‍ സിദ്ദിഖിന് യാത്രയയപ്പ് നല്‍കി.

 

 

Latest