Kerala
ഉപ്പട ആനക്കല്ലില്‍ ഭൂമിക്കടിയില്‍ നിന്നും വീണ്ടും മുഴക്കം; പരിഭ്രാന്തിയിലായി ജനങ്ങള്‍
രണ്ട് കിലോമീറ്റര്‍ വരെ പ്രകമ്പനവും ഇടിമുഴക്ക ശബ്ദവും ഉണ്ടായി. ചില വീടുകള്‍ക്കുള്ളില്‍ നേരിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്.
നിലമ്പൂർ | ഉപ്പട ആനക്കല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും മുഴക്കമുണ്ടായതോടെ ജനങ്ങള്‍ പരിഭ്രാന്തിയിൽ. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് വൻ ശബ്ദത്തോടെ ആദ്യം മുഴക്കമുണ്ടാവുന്നത്. ഇതിന് ശേഷം പത്തേമുക്കാലോടെ വീണ്ടും സമാനമായ ശബ്ദവും വീടുകള്‍ പ്രകമ്പനം കൊള്ളുന്ന അവസ്ഥയുമുണ്ടായി.ഇന്നലെയും ഇന്നുമായി പത്തിലേറെ തവണ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദമുണ്ടായി. ഇതോടെ ജനങ്ങള്‍ കൂടുതല്‍ ഭീതിയിലായിരിക്കുകയാണ്.
രണ്ട് കിലോമീറ്റര്‍ വരെ പ്രകമ്പനവും ഇടിമുഴക്ക ശബ്ദവും ഉണ്ടായി. ചില വീടുകള്‍ക്കുള്ളില്‍ നേരിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ കുഴൽ കിണറുകളിലെ വെള്ളം കലങ്ങിയിട്ടുണ്ട്.
ജനങ്ങള്‍ പരിഭ്രാന്തരായതേടെ ചൊവ്വാഴ്ച രാത്രി തന്നെ പോത്തുകല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും, പോത്തുകല്‍ പോലിസും, വില്ലേജ് ഓഫീസർ അടക്കമുള്ള അധികൃതരും സ്ഥലത്തെത്തി. പരിഭ്രാന്തിയിലായ ജനങ്ങളെ ഞെട്ടിക്കുളം എ.യു.പി സ്കൂളിലേക്ക് മാറ്റിത്താമസിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തിന്റെ മാപ്പ് ജിയോളജി അധികൃതര്‍ക്ക് അയച്ചുകൊടുത്തിരുന്നു. എന്നാല്‍ ഭൂകമ്പ സാധ്യതയില്ലെന്നും ഭൂമിക്കടിയിലെ പാറകള്‍ തമ്മില്‍ കൂട്ടിയിടക്കുന്ന പ്രതിഭാസത്തിന്റെ ശബ്ദമാണ് കേട്ടതെന്നുമാണ് അധികൃതര്‍ അറിയിച്ചത്.
കുഴല്‍ കിണറുകള്‍ കൂടുതലായി നിര്‍മിച്ച പ്രദേശമാണ് ആനക്കല്ല്. ഇതിന്റെ തുടര്‍പ്രതിഭാസമാണ് ഭൂമിക്കടിയില്‍ നിന്നുള്ള ശബ്ദമെന്നാണ് ജിയോളജി അധികൃതര്‍ പറയുന്നത്. മുമ്പ് മൂന്ന് തവണ ഈ മേഖലയില്‍ ഭൂമിക്കടിയില്‍ നിന്നും വന്‍ ശബ്ദമുണ്ടയിട്ടുണ്ട്. പുതിയ സംഭവത്തോടെ മന്ത്രി ജി.ആർ. അനിൽ, ജില്ലാ കലക്ടർ, ജിയോളജി ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടുന്നവർ സ്ഥലത്തെത്തുമെന്നാണ് അറിയുന്നത്.