Connect with us

National

അടാല പള്ളി; സർവേക്ക് ഉത്തരവിടാൻ യു പി കോടതി വിസമ്മതിച്ചു

തീരുമാനം സുപ്രീം കോടതി വിലക്കിനെ തുടർന്ന്

Published

|

Last Updated

ലക്നോ | സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ അടാല പള്ളിയിൽ സർവേക്ക് ഉത്തരവിടാൻ വിസമ്മതിച്ച് യു പി കോടതി. ആരാധനാലയ നിയമത്തിനെതിരെ വരുന്ന ഹരജികളിൽ ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ പുറപ്പെടുവിക്കുന്നതിന് കീഴ്‌ക്കോടതിയെ സുപ്രീം കോടതി വിലക്കിയിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് അടാല പള്ളിയിൽ സർവേ നടത്താൻ കോടതി അനുവദിക്കാതിരുന്നത്.
ജുൻപൂർ സിവിൽ ജഡ്ജി സുധാ ശർമയുടേതാണ് ഉത്തരവ്. വലതുസംഘടനയായ സ്വരാജ് വാഹിനി അസ്സോസിയേഷനാണ് ഹരജി നൽകിയത്. 14ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട പള്ളി യഥാർഥത്തിൽ ഹിന്ദു ക്ഷേത്രമാണെന്നും അടാല ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠയെന്നുമാണ് ഹരജിയിലെ ആരോപണം.
ഫിറോസ് ഷാ തുഗ്ലക് അധികാരം പിടിച്ചതിനു ശേഷം 13ാം നൂറ്റാണ്ടിൽ ക്ഷേത്രം തകർത്ത് പള്ളി നിർമിക്കുകയായിരുന്നുവെന്നാണ് ഹരജിയിലെ ആരോപണം. എന്നാൽ, സുപ്രീം കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു.
അതിനിർണായകമായ ഇടപെടലിൽ 1991ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമായി ആരാധനാലയങ്ങളിൽ അവകാശവാദമുന്നയിച്ചുള്ള പുതിയ കേസുകളൊന്നും കോടതികൾ സ്വീകരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഉത്തരവിട്ടിരുന്നു.
നിയമത്തിന്റെ സാധുത കോടതി പരിശോധിക്കും. പള്ളികൾക്കും ദർഗകൾക്കുമെതിരായ കേസുകളിൽ പുതുതായി സർവേ നടത്തുന്നതും ഇനിയൊരുത്തരവുണ്ടാകുന്നത് വരെ കോടതി തടഞ്ഞിരുന്നു.
ഇത് കൂടാതെ നിലവിലുള്ള കേസുകളിൽ ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ പുറപ്പെടുവിക്കരുതെന്നും ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബഞ്ച് നിർദേശിച്ചു. അതേസമയം പള്ളികൾക്കും ദർഗകൾക്കും മേൽ അവകാശവാദമുന്നയിച്ച് ഹിന്ദുത്വവാദികൾ സമർപ്പിച്ച കേസുകളിൽ തുടർനടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

Latest