Kerala
കത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ചു, ആതിരയെ കൊലപ്പെടുത്തിയത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം;പ്രതിയുടെ മൊഴി പുറത്ത്
ആതിര വിളിച്ചതനുസരിച്ചാണ് ചൊവ്വാഴ്ച രാവിലെ വീട്ടില്‍ എത്തിയത്.
തിരുവനന്തപുരം | കഠിനംകുളത്ത് ആതിര എന്ന യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജോണ്‍സണ്‍ ഔസേപ്പില്‍ നിന്നും പോലിസ് മൊഴിയെടുത്തു. ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷമാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് ജോണ്‍സണ്‍ പോലീസിനോട് പറഞ്ഞു. കൊലപാതകത്തെ തുടര്‍ന്ന് ഷര്‍ട്ടില്‍ ചോര പുരണ്ടതിനാല്‍ ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ച ശേഷമാണ് അവിടെ നിന്ന് മടങ്ങിയതെന്നും മൊഴില്‍ പറയുന്നു.
ആതിര വിളിച്ചതനുസരിച്ചാണ് ചൊവ്വാഴ്ച രാവിലെ വീട്ടില്‍ എത്തിയത്. രാവിലെ ആറരയ്ക്കാണ് പ്രതി പെരുമാതുറയിലെ ലോഡ്ജില്‍ നിന്നും ഇറങ്ങിയത്. കാല്‍നടയായി ആതിരയുടെ വീടിനു സമീപം എത്തി. തുടര്‍ന്ന് മകനെ സ്‌കൂളില്‍ വിടുന്നത് വരെ കാത്തിരുന്നു. എട്ടരക്ക് മകനെ സ്‌കൂളില്‍ വിട്ടതിനു ശേഷം വീടിനുള്ളില്‍ കയറി. ആതിര അടുക്കളയില്‍ കയറിയപ്പോള്‍ കത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ചു.
ആതിരയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനുശേഷം കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ആതിരയുടെ സ്‌കൂട്ടറുമായി 9.30ന് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ എത്തി. പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പെരുമാതുറയിലെ ലോഡ്ജില്‍ എറണാകുളത്തെ വിലാസമുള്ള ഐഡി കാര്‍ഡ് ഉപേക്ഷിച്ചുവെന്നും മൊഴിയില്‍ പറയുന്നു. പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി കോട്ടയത്ത് എത്തിയത് വസ്ത്രങ്ങള്‍ എടുക്കാനായിരുന്നു. ഇതിനിടെയാണ് ചിങ്ങവനം പോലീസ് പിടികൂടുന്നത്.