Connect with us

Kerala

അതിരപ്പിള്ളി കാട്ടാന ആക്രമണം; അസാധാരണ മരണമെന്ന് വനം മന്ത്രി

സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു.

Published

|

Last Updated

തൃശൂര്‍| അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. മന്ത്രി മുംബൈയിലാണുള്ളത്. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അതിരപ്പിള്ളിയിലേത് അസാധാരണ മരണങ്ങള്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഇതേ വാര്‍ത്താക്കുറിപ്പില്‍ തന്നെയാണ് മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പറഞ്ഞിരിക്കുന്നത്.

വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട സതീഷ്, അംബിക എന്നിവരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിനകത്ത് കുടില്‍കെട്ടി താമസിച്ച നാല് പേരാണ് ഇന്നലെ കാട്ടാനയ്ക്ക് മുന്നില്‍ അകപ്പെട്ടത്. ഇവരില്‍ സതീശന്റെ തലയ്ക്ക് ആനയുടെ ചവിട്ടേറ്റ് പരുക്കുണ്ട്. അംബികയുടെ മൃതദേഹം വെള്ളത്തില്‍ നിന്നാണ് ലഭിച്ചത്.  സതീശനെ ആക്രമിച്ചപ്പോള്‍ മറ്റ് മൂന്ന് പേരും വെള്ളത്തിലേക്ക് എടുത്തുചാടിയെന്നാണ് ലഭിക്കുന്ന വിവരം. ഈ സംഭവത്തിലാണ് ‘അസാധാരണ മരണം’ എന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറയുന്നത്. മഞ്ഞക്കൊമ്പന്‍ എന്ന് വിളിക്കുന്ന മദപ്പാടുള്ള കാട്ടാനയാണ് ആക്രമിച്ചതെന്നാണ് വിവരം.