Prathivaram
സ്നേഹക്കൂട്ടിലെ ആതുരാലയം
കുടുംബ ജീവിതത്തോടൊപ്പം നന്മകൾ പൂക്കുന്ന സന്ദേശം ജീവിതത്തിന്റെ ഭാഗമാക്കിയ ഈ ദമ്പതികളുടെ പുതിയ വീടിന്റെ ഗൃഹ പ്രവേശവും ശാരീരിക - മാനസിക ചികിത്സാ സൗകര്യങ്ങളുടെ ഉദ്ഘാടനവും മുൻ ആരോഗ്യ മന്ത്രി പി കെ ശ്രീമതിയാണ് നിർവഹിച്ചത്. നിരാശ്രയരുടെ സംരക്ഷണ കേന്ദ്രമായ പഴയങ്ങാടി ഗാർഡിയൽ ഏഞ്ചൽസിലെ അറുപതോളം വരുന്ന അന്തേവാസികളായിരുന്നു ഗൃഹപ്രവേശന ചടങ്ങിലെ മുഖ്യാതിഥികൾ. മെഡിക്കൽ ക്യാമ്പും രക്ത ദാനവും ഗൃഹപ്രവേശന ചടങ്ങിനെ വേറിട്ടതാക്കി.
ഒരു വീട് പലപ്പോഴും വ്യക്തിയെ തന്നെ പ്രതീകപ്പെടുത്തുന്നു …
– സൈമൺ ഫ്രോയിഡ്
വീട് നമ്മുടെ സത്തയുടെ കണ്ണാടിയാണ്. ഒരു വ്യക്തിയുടെ ജീവിത ശൈലി നിർണയിക്കുന്ന സ്വഭാവ സവിശേഷതകളുടെ ഒരു സങ്കീർണതയെ ഇത് പ്രതീകപ്പെടുത്തുന്നു. ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ ഒരു വീട് ഒരുപാട് പേരുടെ സ്വപ്നങ്ങളായി മാറുക എന്നത് അപൂർവ കാഴ്ചകളിലൊന്നാണ്. പുതിയ തലമുറയിലെ അണുകുടുംബങ്ങളുടെ നവഗൃഹങ്ങൾ തങ്ങളിലേക്ക് മാത്രം ചുരുങ്ങിപ്പോകുന്ന പുതിയ കാലത്ത് സമൂഹത്തിലേക്ക് തുറന്നിട്ട വാതിലുകളുമായി ഒരു പുതിയ വീടിന്റെ ഗൃഹപ്രവേശനവും വീട്ടിൽ തയ്യാറാക്കിയ ആശുപത്രിയും കണ്ണൂരിലെ കാരുണ്യത്തിന്റെ വേറിട്ട കാഴ്ചയാകുകയാണ്. ആരോഗ്യ പ്രവർത്തകരായ ജാക്സൺ ഏഴിമലയും ഭാര്യ ജിനിയുമാണ് തങ്ങളുടെ പുതിയ വീടിന്റെ വാതിലുകൾ സമൂഹത്തിലേക്ക് തുറന്നിട്ടിരിക്കുന്നത്. ഗൃഹ പ്രവേശനം മുതൽ തുടർന്നിങ്ങോട്ട് മാതൃകാഭവനമാണ് ഇവരുടെ സ്നേഹക്കൂട്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത ഏഴിമലയിലാണ് ഇവർ നിർമിച്ച പുതിയ വീടിന്റെ ഗൃഹപ്രവേശനം നിരവധിയായ ജീവകാരുണ്യ-ആരോഗ്യ പരിപാടികൾ സംഘടിപ്പിച്ച് കൊണ്ടായിരുന്നു തുടക്കമായത്. ജാക്സൺ ഏഴിമല പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ പി ആർ ഒ ആണ്. ഭാര്യ ജിനി നഴ്സിംഗ് ഓഫീസറും. സ്വപ്ന സാഷാത്കാരത്തോടൊപ്പം തങ്ങളുടെ കർമപഥത്തിലെ പ്രവർത്തനങ്ങളെ നെഞ്ചോട് ചേർക്കുകയാണിവർ.
സാന്ത്വനം… ജീവിതം
നിർമാണം പൂർത്തിയാക്കിയ പുതിയ വീട്ടിലെ താമസത്തോടൊപ്പം സൗജന്യ സാന്ത്വന പരിചരണത്തിനു കൂടിയാണ് ജാക്സണും ജിനിയും തുടക്കം കുറിച്ചിരിക്കുന്നത്. വീടിനോട് ചേർന്ന് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ഒരു മുറിയിൽ ടെലഫോണിക്ക് സൂയിസൈഡ് പ്രിവൻഷൻ സെന്റർ, കൗൺസലിംഗ് സെന്റർ, പാലിയേറ്റിവ് സപ്പോർട്ടിംഗ് യുണിറ്റ് എന്നിവ ഈ ആരോഗ്യ പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. തങ്ങളെ കേൾക്കാനും ഉൾക്കൊള്ളാനും ആരുമില്ല എന്ന ചിന്തയാണ് ആത്മഹത്യകളിലേക്ക് നയിക്കുന്ന പ്രധാന ഘടകം. ഇത്തരം ചിന്തയിൽ നിന്നും തുടർന്നുള്ള ആത്മഹത്യയിൽ നിന്നും ഇത്തരക്കാരെ രക്ഷപ്പെടുത്താൻ കഴിയുമെന്ന് ജാക്സൺ പറയുന്നു. ഇത്തരം ആവശ്യങ്ങൾക്കായി വീടിനോട് ചേർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ മാനസിക ചികിത്സക്ക് കേരളത്തിൽ എവിടെ നിന്നും 8848939095 എന്ന നമ്പറിൽ വിളിച്ചാൽ കൗൺസലിംഗ് സേവനം ലഭ്യമാകും. വീട്ടിലെ രണ്ട് മുറികൾ കിടപ്പുമുറികളായി ഉപയോഗിക്കുന്നു. രണ്ടു മുറികൾ സാന്ത്വന പരിചരണത്തിനായി മാറ്റി വെച്ചിരിക്കുകയാണ്. വരാന്തയോട് ചേർന്ന മറ്റൊരു മുറിയിൽ വിശ്രമം ആവശ്യമായി വരുന്ന രോഗികൾക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വീൽ ചെയർ രോഗികൾക്കായുള്ള റാമ്പും വീട്ടിൽ തയ്യാറാണ്.
നന്മകൾ പൂക്കുന്നിടം
കുടുംബ ജീവിതത്തോടൊപ്പം നന്മകൾ പൂക്കുന്ന സന്ദേശം ജീവിതത്തിന്റെ ഭാഗമാക്കിയ ഈ ദമ്പതികളുടെ പുതിയ വീടിന്റെ ഗൃഹ പ്രവേശനവും ശാരീരിക – മാനസിക ചികിത്സാ സൗകര്യങ്ങളുടെ ഉദ്ഘാടനവും മുൻ ആരോഗ്യ മന്ത്രി പി കെ ശ്രീമതിയാണ് നിർവഹിച്ചത്. നിരാശ്രയരുടെ സംരക്ഷണ കേന്ദ്രമായ പഴയങ്ങാടി ഗാർഡിയൽ ഏഞ്ചൽസിലെ അറുപതോളം വരുന്ന അന്തേവാസികളായിരുന്നു ഗൃഹപ്രവേശന ചടങ്ങിലെ മുഖ്യാതിഥികൾ. മെഡിക്കൽ ക്യാമ്പും രക്ത ദാനവും ഗൃഹപ്രവേശന ചടങ്ങിനെ വേറിട്ടതാക്കി. എം എസ് ഡബ്ലു, എംഫിൽ ബിരുദധാരിയായ ജാക്സൺ ആരോഗ്യ മേഖലയിൽ പ്രവർത്തനം തുടങ്ങിയിട്ട് പതിമൂന്ന് വർഷമായി. കഴിഞ്ഞ മൂന്ന് വർഷമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ പി ആർ ഒ ആയി പ്രവർത്തിക്കുന്നു. ഭാര്യ ജിനി ആറ് വർഷമായി മുത്തത്തി പകൽവീടിലെ നഴ്സിംഗ് ഓഫീസറാണ്. വിദ്യാർഥികളായ ആദിയും ആരോണും മക്കളാണ്. നീന്തലിലെ ലോക റെക്കോർഡ് ജേതാവും ടൂറിസം ലൈഫ് ഗാർഡും നീന്തൽ പരിശീലകനുമായ ചാൾസൺ ഏഴിമല സഹോദരനാണ്. ഇവരുടെ കുടുംബത്തിലെ അഞ്ച് വനിതകൾ അറബിക് അധ്യാപികമാരായി ജോലി ചെയ്യുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഇവർക്കൊക്കെ തുണയായി ജാക്സണിന്റെ അമ്മ റീത്താമ്മ കൂടെ ഉണ്ട്. കൊറോണ കാലത്ത് ഇവർ വളർത്തിയ കോഴികളെ ജനകീയ ലേലം നടത്തി ലഭിച്ച അറുപതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ചരിത്രവും സ്നേഹക്കൂട്ടിനുണ്ട്.