Connect with us

Kerala

അതിജീവിതയെ പീഡിപ്പിച്ച കേസ്; മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പിജി മനു ജാമ്യ ഹരജി നല്‍കി

അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിട്ടുണ്ടെന്നും ഇനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാല്‍ ജാമ്യം നല്‍കണമെന്നും ഹരജിയില്‍ പറയുന്നു.

Published

|

Last Updated

കൊച്ചി| നിയമ സഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കേരള ഹൈക്കോടതിയിലെ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ അഡ്വ. പി ജി മനു ഹൈക്കോടതിയില്‍ ജാമ്യ ഹരജി നല്‍കി. പ്രമേഹ രോഗം മൂര്‍ച്ഛിച്ചതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടിയെന്നും സര്‍ജറി കഴിഞ്ഞ ഇടത് കാലില്‍ സ്റ്റീല്‍ ഇട്ട ഭാഗത്ത് പഴുപ്പുണ്ടെന്നും ചൂണ്ടികാട്ടിയാണ് ഹരജി. അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിട്ടുണ്ടെന്നും ഇനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാല്‍ ജാമ്യം നല്‍കണമെന്നും ഹരജിയില്‍ പറയുന്നു. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ നിലപാട് തേടിയിട്ടുണ്ട്.

2023 ഒക്ടോബറില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ മനു പല തവണ പീഡിപ്പിച്ചെന്നാണ് പരാതി. അതേ സമയം പരാതിക്കാരിയുമായുള്ള ബന്ധം സമ്മതത്തോടെയായിരുന്നുവെന്ന് മനുവിനുവേണ്ടി വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി ചൂണ്ടിക്കാട്ടി. എന്നാല്‍, മനു അധികാരസ്ഥാനത്തായിരുന്നു എന്നത് പരിഗണിക്കണമെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് പറഞ്ഞു. തൊഴില്‍മേഖലയിലെ ശത്രുക്കള്‍ തനിക്കെതിരേ കെട്ടിച്ചമച്ച കേസാണിതെന്നും കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതില്ലെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് അഡ്വ. എം ആര്‍ അഭിലാഷ് വഴി മനു സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ സുപ്രീം കോടതിയും ഹരജി തള്ളുകയായിരുന്നു. കഴിഞ്ഞ ജനുവരി 31 നാണ് പുത്തന്‍കുരിശ് ഡിവൈഎസ്പിയ്ക്ക് മുന്നില്‍ പിജി മനു കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിന് പിറകെയാണ് കീഴടങ്ങല്‍.