Kerala
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഉപഹര്‍ജി തള്ളി
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അനുവാദമില്ലാതെ തുറന്ന് പരിശോധിച്ചുവെന്ന പരാതിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നായിരുന്നു ഹരജി
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്‍കിയ ഉപഹര്‍ജി കോടതി തള്ളി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അനുവാദമില്ലാതെ തുറന്ന് പരിശോധിച്ചുവെന്ന പരാതിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം.
ഉപഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി സി എസ് ഡയസ് വിധി പറഞ്ഞത്. മുന്‍പ് തീര്‍പ്പാക്കിയ ഹര്‍ജിയില്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ആവില്ലെന്നും പരാതിക്കാരിക്ക് നിയമപരമായ മറ്റു മാര്‍ഗങ്ങള്‍ തേടാം എന്നും ജസ്റ്റിസ് വ്യക്തമാക്കി. വിചാരണ കോടതി നടത്തിയ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടികാട്ടിയാണ് അതിജീവിത ഹര്‍ജി നല്‍കിയത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തന്റെ സഹപ്രവര്‍ത്തകരെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കിയതെന്നാണ് അതിജീവിതയുടെ വാദം.
സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അതിജീവിത അപ്പീല്‍ നല്‍കും. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ആരോപണത്തില്‍ നേരത്തെ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അതിജീവിതയുടെ ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. വിചാരണക്കോടതിയുടേതടക്കം മൂന്ന് കോടതികളുടെ പരിഗണനയിലിരിക്കെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്നായിരുന്നു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്.
അങ്കമാലി മജിസ്‌ട്രേറ്റ് ലീന, ജില്ലാ സെഷന്‍സ് കോടതിയിലെ ക്ലര്‍ക്ക് മഹേഷ്, വിചാരണ കോടതിയിലെ ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്നാണ് കണ്ടെത്തല്‍. 2018 ല്‍ മെമ്മറി കാര്‍ഡ് അങ്കമാലി മജിസ്‌ട്രേറ്റിന്റെ സ്വകാര്യ കസ്റ്റഡിയിലാണ് സൂക്ഷിച്ചത്. അങ്ങനെ സൂക്ഷിക്കാമെന്ന ധാരണയിലാണ് അത് ചെയ്തതെന്നാണ് മൊഴി. ഇവിടെ വെച്ചാണ് അങ്കമാലി മജിസ്‌ട്രേറ്റ് ലീന മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചത്. 2018 ഡിസംബര്‍ 13 ന് ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ് തന്റെ ഫോണില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചു. രാത്രി 10.52 ന് നടന്ന പരിശോധന ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമാണെന്നാണ് മൊഴി.
എന്നാല്‍ ജഡ്ജി ഇത്തരം ആവശ്യം നിര്‍ദ്ദേശിച്ചോ എന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗമായി പരിശോധിച്ചില്ല. കൂടാതെ 2021 ജൂലൈ 19 ന് വിചാരണ കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചു. തന്റെ വിവോ ഫോണില്‍ ഇട്ടാണ് പരിശോധിച്ചത്. ഈ ഫോണ്‍ 2022 ഫെബ്രുവരിയിലെ യാത്രക്കിടയില്‍ നഷ്ടമായെന്നും മൊഴി നല്‍കി. അനധികൃത പരിശോധനകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഇവരുടെ ഫോണുകള്‍ കസ്റ്റഡിയിലെടുക്കുകയോ നടപടികള്‍ക്ക് നിര്‍ദ്ദേശിക്കുകയോ ചെയ്തിട്ടില്ല. ഈ സഹാചര്യത്തിലാണ് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.