National
അതിശി മര്‍ലേന; രാജ്യ തലസ്ഥാനത്തിന്റെ മൂന്നാം വനിതാ മുഖ്യമന്ത്രി
നേരത്തെ കോണ്‍ഗ്രസിന്റെ ഷീലാ ദീക്ഷിതും ബി ജെ പിയുടെ സുഷമ സ്വരാജും ഡല്‍ഹിയുടെ മുഖ്യമന്ത്രിപദം അലങ്കരിച്ചിരുന്നു.

ന്യൂഡല്‍ഹി | രാജ്യ തലസ്ഥാനത്ത് വീണ്ടുമൊരു വനിതാ മുഖ്യമന്ത്രി. ആം ആദ്മി പാര്‍ട്ടി, ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിശി മര്‍ലേനയെ തിരഞ്ഞെടുത്തതോടെയാണിത്. ഡല്‍ഹിക്ക് ലഭിക്കുന്ന മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി. നേരത്തെ കോണ്‍ഗ്രസിന്റെ ഷീലാ ദീക്ഷിതും ബി ജെ പിയുടെ സുഷമ സ്വരാജും ഡല്‍ഹിയുടെ മുഖ്യമന്ത്രിപദം അലങ്കരിച്ചിരുന്നു.
ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ മുഖങ്ങളില്‍ ഒന്നാണ് അതിഷി. അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത്, റവന്യൂ അടക്കം 13 വകുപ്പുകള്‍ ആണ് കൈകാര്യം ചെയ്തത്. 1981 ലാണ് ജനനം. ഡല്‍ഹി, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 2013ല്‍ രാഷ്ട്രീയ രംഗത്തെത്തി. 2015-18 കാലഘട്ടത്തില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെ ഉപദേഷ്ടാവായിരുന്നു. 2020 ല്‍ കാല്‍ക്കാജി മണ്ഡലത്തില്‍ നിന്നും ഡല്‍ഹി നിയമസഭയില്‍ എത്തി.
സിസോദിയയെ സി ബി ഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയായി. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാളും ജയിലിലായതോടെ ഭരണപരമായ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് അതിഷിയായിരുന്നു.