National
ഡല്‍ഹി സര്‍ക്കാരിനെ അതിഷി നയിക്കും; പാര്‍ട്ടിയെ നയിക്കാന്‍ സന്ദീപ് പഥക്
അറസ്റ്റിന് ശേഷം ആദ്യമായാണ് ചുമതല കെജ്രിവാള്‍ രണ്ടാംനിര നേതൃത്വത്തിലേക്ക് കൈമാറുന്നത്
ന്യൂഡല്‍ഹി | മദ്യനയ അഴിമതിക്കേസിൽ 21 ദിവസത്തെ ഇടക്കാല ജാമ്യം അവസാനിച്ചതോടെ തിഹാര്‍ ജയിലിലേക്ക് മടങ്ങിയ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സർക്കാരിന്റെയും പാർട്ടിയുടെയും ചുമതലകൾ കൈമാറി.
ഡല്‍ഹി സര്‍ക്കാരിന്റെ ചുമതല മന്ത്രി അതിഷി മര്‍ലേനക്കാണ് നല്‍കിയിരിക്കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് പാര്‍ട്ടിയെ നയിക്കും. അദ്ദേഹത്തിന് സഹായികളായി എം എല്‍ എമാരായ ദുര്‍ഗേഷ് പഥക്, സഞ്ജീവ് ഝാ, ദിലീപ് പാണ്ഡെ എന്നിവരും മറ്റ് നേതാക്കളുമുണ്ടാവും.
കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കിറങ്ങില്ല. മുതിര്‍ന്ന നേതാവായ സഞ്ജയ് സിങ്ങിന് ചുമതലകള്‍ നല്‍കിയിട്ടില്ല.അറസ്റ്റിന് ശേഷം ആദ്യമായാണ് ചുമതല കെജ്രിവാള്‍ രണ്ടാംനിര നേതൃത്വത്തിലേക്ക് കൈമാറുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ഇഡിയുടെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് കോടതി കെജ്രിവാളിന് ജാമ്യം നല്‍കിയത്. ജാമ്യക്കാലയളവ് നീട്ടണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കെജ്രിവാളിന്റെ അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു.
അറസ്റ്റിനെതിരായ ഹരജി വിധി പറയാന്‍ മാറ്റിയ സാഹചര്യത്തില്‍ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു. ഇതോടെ അദ്ദേഹം കഴിഞ്ഞ ദിവസം വിചാരണാകോടതിയെ സമീപിച്ചു. എന്നാല്‍ ആവശ്യം കോടതി തള്ളുകയായിരുന്നു.താന്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിടുന്നത്. അതിനാല്‍ സി ടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നന്നാണ് കെജ്രിവാള്‍ ഹരജിയില്‍ പറയുന്നത്. ഇതിനായി ജാമ്യം നാലുദിവസം കൂടി നീട്ടിനല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ആവശ്യം കോടതി തള്ളുകയായിരുന്നു.