Connect with us

Ongoing News

സൂപ്പര്‍ ജയവുമായി എ ടി കെ; ഗോകുലത്തെ തകര്‍ത്തു

എ ടി കെക്കായി ലിസ്റ്റന്‍ കൊളാസോ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഹ്യൂഗോ ബൗമസ്, മന്‍വീര്‍ സിംഗ്, കിയാന്‍ നസ്സിരി എന്നിവര്‍ ഓരോ ഗോള്‍ വീതമടിച്ചു.

Published

|

Last Updated

കോഴിക്കോട് | സൂപ്പര്‍ കപ്പില്‍ സൂപ്പര്‍ വിജയവുമായി നിലവിലെ ഐ എസ് എല്‍ ജേതാക്കളായ എ ടി കെ മോഹന്‍ ബഗാന്‍. ഗോകുലം കേരളയാണ് എ ടി കെക്കു മുമ്പില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ന്നടിഞ്ഞത്.

എ ടി കെക്കായി ലിസ്റ്റന്‍ കൊളാസോ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഹ്യൂഗോ ബൗമസ്, മന്‍വീര്‍ സിംഗ്, കിയാന്‍ നസ്സിരി എന്നിവര്‍ ഓരോ ഗോള്‍ വീതമടിച്ചു. സെര്‍ജിയോ മെന്‍ഡിഗുറ്റ്‌സിയാണ് ഗോകുലത്തിന്റെ ആശ്വാസ ഗോള്‍ സ്‌കോറര്‍.

ആറാം മിനുട്ടില്‍ ലിസ്റ്റണ്‍ കൊളാസോയിലൂടെയാണ് എ ടി കെ യുടെ ആദ്യ ഗോള്‍ വന്നത്. ഗോകുലത്തിന്റെ ഹക്കുവില്‍ നിന്ന് പന്ത് തട്ടിയെടുത്ത ഹ്യൂഗോ ബൗമസിന്റെ ഗോള്‍ശ്രമം ഗോകുലം ഗോള്‍കീപ്പര്‍ ഷിബിന്‍ പരാജയപ്പെടുത്തി. എന്നാല്‍ ഇടതു വിങിലേക്ക് പോയ പന്ത് തട്ടിയെടുത്ത് ബൗമോ നല്‍കിയ പാസ് ലിസ്റ്റണ്‍ പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു.

27ാം മിനുട്ടില്‍ ലിസ്റ്റനിലൂടെ തന്നെ എ ടി കെ ലീഡുയര്‍ത്തി. 31 ാം മിനുട്ടില്‍ മക്ഹ്യുവിന്റെ പാസ്സില്‍ നിന്നുള്ള കിയാന്‍ നസ്സിരിയുടെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. ആദ്യ പകുതി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ എ ടി കെ മൂന്നാം ഗോള്‍ നേടി. കിയാന്‍ നസ്സിരിയുടെ പാസ്സ് പിടിച്ചെടുത്ത് മുന്നേറിയ ബൗമസ് ഗോകുലം പ്രതിരോധം തകര്‍ത്ത് ഗോളിയുടെ കാലിനിടയിലൂടെ പന്ത് വലയിലെത്തിച്ചു.

63ാം മിനുട്ടില്‍ എ ടി കെയുടെ നാലാം ഗോള്‍ പിറന്നു. ഇടതു വിങിലൂടെ പന്തുമായി മുന്നേറി ബൗമസ് നല്‍കിയ പാസില്‍ നിന്ന് മന്‍വീര്‍ സിംഗ് സ്‌കോര്‍ ചെയ്തു. 71ാം മിനുട്ടിലായിരുന്നു ഗോകുലത്തിന്റെ ആശ്വാസ ഗോള്‍. ജൂലിയന്‍ ഒമറെടുത്ത ഫ്രീ കിക്ക് അമിനോ ബൗബ, ഹെഡ് ചെയ്ത് നല്‍കിയത് സെര്‍ജിയോ മെന്‍ഡിഗുറ്റക്സിയ ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഇന്‍ജുറി ടൈമില്‍ എ ടി കെ തങ്ങളുടെ അഞ്ചാം ഗോള്‍ നേടി.

ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ജംഷഡ്്പൂര്‍ എഫ് സി മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് എഫ് സി ഗോവയെ തകര്‍ത്തു. ജംഷഡ്്പൂരിനായി റാഫേല്‍ ക്രിവെല്ലാരോ ഇരട്ട ഗോളടിച്ചു. പ്രതിക് ചൗധരി, ഹാരിസണ്‍ ഹിക്കി സോയര്‍ എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. അര്‍നൗട്ടിന്റെ സെല്‍ഫ് ഗോളും അവരുടെ തുണച്ചു.

 

Latest