Kerala
എ ടി എം കവര്‍ച്ച; കൊള്ളസംഘത്തെ ഉപയോഗിച്ച് തൃശൂരില്‍ തെളിവെടുപ്പ്
തമിഴ്നാട്ടില്‍നിന്ന് തൃശൂരിലെത്തിച്ച പ്രതികളെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയശേഷം കോടതിയില്‍ ഹാജരാക്കി.
തൃശൂര്‍ | തൃശൂരിലെ മൂന്നു എ ടി എമ്മുകളില്‍നിന്നായി 65 ലക്ഷം രൂപ കവര്‍ന്ന ഹരിയാന സ്വദേശികളായ കൊള്ള സംഘത്തെ തെളിവെടുപ്പിനായി തൃശൂരിലെത്തിച്ചു. തമിഴ്നാട്ടില്‍നിന്ന് തൃശൂരിലെത്തിച്ച പ്രതികളെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയശേഷം കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഇവരെ എ ടി എമ്മുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
കവര്‍ച്ചയ്ക്ക് ശേഷം തമിഴ്നാട് നാമക്കലില്‍ വച്ചാണ് മണിക്കൂറുകള്‍ക്കകം പ്രതികള്‍ പോലീസിന്റെ പിടിയിലായത്. ഏഴു പ്രതികളില്‍ ഒരാള്‍ തമിഴ്നാട് പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ശേഷിച്ച ആറു പേരില്‍ ഒരാള്‍ക്ക് ഗുരുതരമായ പരുക്കേറ്റ് കാല് മുറിച്ച് മാറ്റേണ്ടി വന്നതിനാല്‍ തമിഴ്നാട്ടില്‍ ചികിത്സയിലാണ്. മറ്റ് അഞ്ചുപേരെയാണ് തൃശൂരിലെത്തിച്ചത്.
തൃശൂരില്‍ മൂന്ന് എഫ് ഐ ആറുകളാണ് പ്രതികള്‍ക്കെതിരേയുള്ളത്. ഒന്ന് തൃശൂര്‍ റൂറല്‍ പോലീസിന്റെ കീഴിലുള്ള ഇരിങ്ങാലക്കുട സ്റ്റേഷനില്‍ മാപ്രാണത്തെ എ ടി എം തകര്‍ത്തതിനും തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന് കീഴില്‍ ഷൊര്‍ണൂര്‍ റോഡിലെ എ ടി എം തകര്‍ത്തതിനും കോലഴിയിലെ എ ടി എം തകര്‍ത്തതിനുമാണ് കേസെടുത്തത്.
മൂന്നു പോലീസ് സ്റ്റേഷന്‍ പരിധികളിലെ ഓരോ എസ് ബി ഐ എ ടി എം വീതം തകര്‍ത്താണ് ഇവര്‍ പണം കവര്‍ച്ച ചെയ്തത്. ഓരോ കേസിലും പ്രത്യേകം കസ്റ്റഡിയില്‍ വാങ്ങി പ്രതികളുമായി തെളിവെടുപ്പ് നടത്താനാണ് സാധ്യത. കവര്‍ച്ച നടത്തിയ രീതിയും എ ടി എം അലര്‍ട്ട് മുഴങ്ങാന്‍ ഏകദേശം 50 മിനിറ്റോളം വൈകിയതെങ്ങനെ എന്നും മറ്റു സഹായങ്ങള്‍ ഇവര്‍ക്ക് ലഭിച്ചോ എന്നും പോലീസ് പരിശോധിക്കും.