khaleel bukhari thangal
മുസഫര്‍ നഗറിലെ ക്രൂരത; ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്നതെന്ന് ഖലീല്‍ ബുഖാരി തങ്ങള്‍
കര്‍ശന നടപടികള്‍ സ്വീകരിക്കണം
മലപ്പുറം | ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ അധ്യാപിക മുസ്്ലിം വിദ്യാര്‍ഥിയെ മതം തിരിച്ച് മറ്റു വിദ്യാര്‍ഥികളെ കൊണ്ട് തല്ലിച്ച സംഭവം ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്നതാണെന്നും രാജ്യം ചന്ദ്രനിലെത്തി നില്‍ക്കുമ്പോള്‍ ഇത്തരം ചെയ്തികളിലൂടെ നമ്മുടെ അഭിമാനം ചവിട്ടിത്താഴ്ത്തുന്നതാണെന്നും കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍.
അധ്യാപകര്‍, വിദ്യാര്‍ഥികളെ മതത്തിന്റെയോ ജാതിയുടെയോ പേരില്‍ വേര്‍തിരിക്കേണ്ടവരല്ല. വിദ്യാഭ്യാസ-സാംസ്‌കാരിക-ചരിത്ര മേഖലകളില്‍ വര്‍ഗീയത വളര്‍ത്താനുള്ള ഗൂഢ ശ്രമങ്ങള്‍ ശക്തമായി നടന്നു കൊണ്ടിരിക്കുന്നു. അത് രാജ്യത്തിന്റെ അടിസ്ഥാന ശിലകളുടെ ശിഥിലീകരണത്തിന്റെ അടയാളമാണ്.
ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവണമെന്നും അല്ലാത്ത പക്ഷം ഈ കൊടിയ വിഷം വ്യാപിക്കുകയും ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത വിധം രാജ്യത്തെ സമാധാനം നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.