Kerala
നടിക്കെതിരായ ആക്രമണ കേസ്; തുറന്ന കോടതിയില്‍ വിചാരണ വേണമെന്ന ആവശ്യം കോടതി തള്ളി
കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം കൂടി അറിയട്ടെയെന്ന് അതിജീവിത
കൊച്ചി | നടിക്കെതിരായ ആക്രമണ കേസില്‍ തുറന്ന കോടതിയില്‍ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം വിചാരണ കോടതി അംഗീകരിച്ചില്ല. കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്നാവശ്യപ്പെട്ടാണ് അതിജീവിത ഹരജി നല്‍കിയത്.
കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം കൂടി അറിയട്ടെയെന്നും സ്വകാര്യത വിഷയമല്ലെന്നുമാണ് അതിജീവിത കോടതിയില്‍ വ്യക്തമാക്കിയത്. ഇരയാക്കപ്പെടുന്നവര്‍ കുറ്റപ്പെടുത്തലുകള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെയെന്ന് വ്യക്തമാക്കിയാണ് അതിജീവിത അപേക്ഷ നല്‍കിയിരുന്നത്.
നിലവില്‍ അടച്ചിട്ട കോടതിയിലാണ് വിചാരണ നടക്കുന്നത്. നടന്‍ ദിലീപ് ഉള്‍പ്പെടെ ഒമ്പത് പേരാണ് കേസിലെ പ്രതികള്‍. രണ്ട് പേരെ നേരത്തേ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസില്‍ മാപ്പുസാക്ഷിയാക്കുകയും ചെയ്തിരുന്നു.