International
ഗസ്സയില്‍ അല്‍ശിഫ ആശുപത്രിക്കുനേരെ ആക്രമണം; ആറുപേര്‍ കൊല്ലപ്പെട്ടു
ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയാണ് അല്‍ശിഫ.
ഗസ്സ സിറ്റി| ഇസ്‌റാഈല്‍ ശക്തമായി തന്നെയാണ് ഗസ്സയില്‍ ആക്രമണം നടത്തുന്നത്. ഇസ്‌റാഈല്‍ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ നിരവധി ആളുകള്‍ ചികിത്സയില്‍ കഴിയുന്ന അല്‍ശിഫ ആശുപത്രിക്കുനേരെയും ഇസ്‌റാഈല്‍ സൈന്യം വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി ആശുപത്രി ഡയറക്ടര്‍ അറിയിച്ചു. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയാണ് അല്‍ശിഫ. ആശുപത്രിക്ക് ചുറ്റും ഇസ്‌റാഈല്‍ ബോംബാക്രമണം തുടരുകയാണെന്നും ഡയറക്ടര്‍ ജനറല്‍ അബു സാല്‍മിയ അല്‍ ജസീറയോട് പറഞ്ഞു.
ഈ ആശുപത്രിയില്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ ആയിരക്കണക്കിന് ഫലസ്തീനികള്‍ അഭയം പ്രാപിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഭീകരദൃശ്യങ്ങള്‍ ഫലസ്തീന്‍ ആക്ടിവിസ്റ്റ് സലാഹ് അല്‍ ജഫറാവി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥിതി വളരെ ദുഷ്‌കരമാണെന്നും ഈ രാത്രിയില്‍ സംഭവിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ 34 ദിവസമായി സംഭവിച്ചത് ഒന്നുമല്ല എന്ന കുറിപ്പോടെയാണ് സലാഹ് വീഡിയോ പോസ്റ്റ് ചെയ്തത്.
അല്‍ശിഫക്ക് പുറമേ അല്‍-ഖുദ്സ് ആശുപത്രി, പേഷ്യന്റ്‌സ് ഫ്രണ്ട്‌സ് ആശുപത്രി, അല്‍-അവ്ദ ആശുപത്രി എന്നിവക്കുനേരെയും ഇസ്‌റാഈല്‍ ബോംബാക്രമണം നടത്തിയിട്ടുണ്ട്.