National
ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിനു നേരെ ആക്രമണം; രണ്ട് ജവാന്മാരുള്‍പ്പെടെ നാലുപേര്‍ മരിച്ചു
ഗുല്‍മാര്‍ഗിലെ ബൊട്ടപഥറിലാണ് ഇന്ന് വൈകിട്ടോടെ ആക്രമണമുണ്ടായത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല അപലപിച്ചു.
ന്യൂഡല്‍ഹി | ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. നാട്ടുകാരായ രണ്ടുപേരും കൊല്ലപ്പെട്ടു.
ഗുല്‍മാര്‍ഗിലെ ബൊട്ടപഥറിലാണ് ഇന്ന് വൈകിട്ടോടെ ആക്രമണമുണ്ടായത്. പുല്‍വാമ ജില്ലയിലെ ബാത്ഗണ്ഡ് ത്രാല്‍ മേഖലയില്‍ ഒരു തൊഴിലാളിക്ക് തീവ്രവാദി ആക്രമണത്തില്‍ പരുക്കേറ്റതിനു പിന്നാലെയാണ് ഗുല്‍മാര്‍ഗിലും ആക്രമണം നടന്നത്.
ആക്രമണത്തെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല അപലപിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച മുഖ്യമന്ത്രി പരുക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും എക്‌സില്‍ കുറിച്ചു. കശ്മീരില്‍ നടക്കുന്ന ആക്രമണങ്ങള്‍ കടുത്ത ആശങ്കയുണര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.