Sunrise over Ayodhya book controversy
കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ശിദിന്റെ വീടിന് നേരെ ആക്രമണം
നേരത്തെ സണ്‍റൈസ് ഓവര്‍ അയോധ്യ; നേഷന്‍ഹൂഡ് ഇന്‍ അവര്‍ ടൈംസ് എന്ന ഖുര്‍ശിദിന്റെ പുസ്തകത്തിനെതിരെ ഹിന്ദുത്വ സംഘടനകള്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു
നൈനിറ്റാള്‍ | പുസ്തകത്തിലെ ഹിന്ദുത്വക്കെതിരായ പരാമര്‍ശത്തില്‍ വിവാദം തുടരവെ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ശിദിന്റെ നൈനിറ്റാളിലെ വീട് ആക്രമിക്കപ്പെട്ടു. സംഭവത്തില്‍ ഇരുപത്തിയൊന്നോളം പേരെ കസ്റ്റഡിയില്‍ എടുത്തതായി കുമൗന്‍ ഡി ജി ഐ നീലേഷ് ആനന്ദ് അറിയിച്ചു. രാകേഷ് കപില്‍ എന്നയാളുടെ നേതൃത്വത്തിലാണ് അക്രമണമുണ്ടായതെന്നും പോലീസ് അറിയിച്ചു.
നേരത്തെ സണ്‍റൈസ് ഓവര്‍ അയോധ്യ; നേഷന്‍ഹൂഡ് ഇന്‍ അവര്‍ ടൈംസ് എന്ന ഖുര്‍ശിദിന്റെ പുസ്തകത്തിനെതിരെ ഹിന്ദുത്വ സംഘടനകള്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പുസ്തകത്തില്‍ ഹിന്ദുത്വയെ ഭീകരസംഘടനകളായ ഐ എസുമായും ബൊക്കോഹറാമുമായും താതമ്യപ്പെടുത്തി എന്നാരോപിച്ചാണ് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്.
ഖുര്‍ശിദിന്റെ വീടിന്റെ ജനല്‍പാളികള്‍ അടിച്ച് തകര്‍ക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വീടിന് മുന്നില്‍ നിന്ന് ഒരു കൂട്ടം ആളുകള്‍ ബി ജെ പി പതാക വീശുന്നതിന്റേയും ജയ്ശ്രീ റാം മുഴക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
നേരത്തെ ഖുര്‍ശിദിന്റെ പുസ്തകം നിരോധിക്കണമെന്നും അദ്ദേഹത്തിനെതിരെ നിയമനടപടിയാവശ്യപ്പെട്ടും ബി ജെ പി എം എല്‍ എ രാജാ സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചിരുന്നു.