National
മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്
ഇന്ന് പ്രദേശത്ത് മുഖ്യമന്ത്രി സന്ദര്‍ശനം നടത്താനിരിക്കേയാണ് ആക്രമണമുണ്ടായത്.
ഇംഫാല്‍| മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെയ്ന്‍ സിങ്ങിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. ആക്രമണത്തില്‍ ഒരു ഉദ്യോഗസ്ഥന് പരുക്കേറ്റതായാണ് വിവരം. ഇന്ന് ഉച്ചയോടെ ജിരിബാമില്‍ വെച്ചാണ് ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനെത്തിയ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ദേശീയ പാത 53 ന്റെ ഒരു ഭാഗത്ത് കോട്ലെന്‍ ഗ്രാമത്തിന് സമീപം ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ഇന്ന് പ്രദേശത്ത് മുഖ്യമന്ത്രി സന്ദര്‍ശനം നടത്താനിരിക്കേയാണ് ആക്രമണമുണ്ടായത്.
ജിരിബാമില്‍ ആയുധങ്ങളുമായി പതുങ്ങിയിരുന്ന സംഘം ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ആഴ്ചകളോളം കാണാതായ മെയ്‌തേയ് കര്‍ഷകനായ സോയിബാം ശരത്കുമാര്‍ സിങ്ങിന്റെ മൃതദേഹം ജൂണ്‍ 6ന് കണ്ടെത്തിയതിന് പിന്നാലെ സംഘര്‍ഷഭരിതമാണ് മണിപ്പൂരിലെ പടിഞ്ഞാറന്‍ പട്ടണമായ ജിരിബാം. സിങ്ങിന്റെ മൃതദേഹം കണ്ടെടുത്തത് നിവാസികള്‍ക്കിടയില്‍ രോഷം ആളിക്കത്തി. സംഘര്‍ഷത്തെതുടര്‍ന്ന് 70ഓളം കുടിലുകള്‍ അക്രമികള്‍ തീയിട്ടു നശിപ്പിച്ചു. 600ഓളം പേര്‍ ദുരിതാശ്വാസകേന്ദ്രങ്ങളിലാണ് കഴിയുന്നത്.