Kerala
കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ കല്‍പ്പറ്റയില്‍ ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം
ഓഫീസിന് നേരെ കല്ലെറിഞ്ഞശേഷം മുദ്രാവാക്യം വിളികളോടെ ഓഫീസിലേക്ക് ഇരച്ചുകയറാനും ശ്രമിച്ചു
കല്‍പ്പറ്റ | രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ചതിനെതിരെ കോണ്‍ഗ്രസ് കല്‍പ്പറ്റയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ അക്രമം. സംഘമായെത്തിയ കോണ്‍ഗ്രസുകാര്‍ ദേശാഭിമാനി ഓഫീസ് ആക്രമിച്ചു. ഓഫീസിന് നേരെ കല്ലെറിഞ്ഞശേഷം മുദ്രാവാക്യം വിളികളോടെ ഓഫീസിലേക്ക് ഇരച്ചുകയറാനും ശ്രമിച്ചു. ഇന്ന് വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം.
രാഹുല്‍ഗാന്ധിയുടെ ഓഫീസിലുണ്ടായ അനിഷ്ടസംഭവങ്ങളില്‍ പ്രതിഷേധിച്ച്് നടത്തിയ റാലിക്കിടെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം നടത്തുകയായിരുന്നു. കല്ലും വടികളുമായെത്തിയ പ്രവര്‍ത്തകര്‍ ജില്ലാ ബ്യൂറോ ഓഫീസിന് സമീപമെത്തി മുദ്രാവാക്യം മുഴക്കി കല്ലെറിഞ്ഞു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ താഴത്തെ നിലയില്‍ താമസിക്കുന്ന കെട്ടിട ഉടമയായ സ്ത്രീയും കുട്ടികളും പുറത്തിറങ്ങി ഒച്ചവെച്ചതോടെയാണ് പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞത്.ദേശീയപാതയിലെ റാലിക്കിടെ ഒരുസംഘം പ്രവര്‍ത്തകര്‍ വഴിതിരിഞ്ഞ് കല്‍പ്പറ്റ പള്ളിത്താഴെ റോഡിലുള്ള ദേശാഭിമാനി ഓഫീസിലേക്ക് എത്തി കല്ലെറിയുകയായിരുന്നു.