Connect with us

doctors strike

ഡോക്ടർക്കെതിരെ ആക്രമണം: കോഴിക്കോട്ട് ഇന്ന് സ്വകാര്യ ആശുപത്രികളുടെ സമരം

നഗരത്തിൽ സർക്കാർ ആശുപത്രികളിലും പണിമുടക്ക്

Published

|

Last Updated

കോഴിക്കോട് | ഡോക്ടറെ മർദിച്ച സംഭവത്തിൽ ആശുപത്രി ഉടമകളുടെ സമരത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ഇന്ന് സ്വകാര്യ ആശുപത്രി ഒ പികൾ പ്രവർത്തിക്കില്ല. നഗരത്തിൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷനും പണിമുടക്ക് സമരം നടത്തുന്നുണ്ട്. ഈ സമരത്തിന് മെഡി.കോളജ് അടക്കമുള്ള സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എയും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
നഗര പരിധിയിലുള്ള മെഡി.കോളജ് അടക്കമുള്ള സർക്കാർ ആശുപത്രികളിൽ ഇന്ന് രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ ഡോക്ടർമാർ ഒ പികൾ ബഹിഷ്‌കരിക്കുമെന്ന് ജില്ലാ സെക്രട്ടറി ഡോ. വിപിൻ വർക്കി അറിയിച്ചു.

ഫാത്വിമ ഹോസ്പിറ്റലിലെ സീനിയർ കാർഡിയോളജിസ്‌റ്റ് പി കെ അശോകനെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് സമരം. ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാവരെയും ആശുപത്രി സംരക്ഷണ നിയമ പ്രകാരം അറസ്റ്റ് ചെയ്യണമെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ ഓണേഴ്‌സ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ അത്യാഹിത വിഭാഗം/ലേബർ റൂം ഒഴികെയുള്ള ഒരു വിഭാഗവും പ്രവർത്തിക്കുന്നതല്ലെന്ന് പ്രസിഡന്റ് ഡോ. മിലി മോണി, സെക്രട്ടറി രജീഷ് എന്നിവർ വ്യക്തമാക്കി.

കോഴിക്കോട് നഗരപരിധിയിൽ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലെയും ക്ലിനിക്കുകളിലെയും ഡോക്ടർമാർ ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഒ പി ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ (ഐ എം എ) കോഴിക്കോട് ബ്രാഞ്ച് കമ്മിറ്റി അറിയിച്ചു. ഒരാഴ്ച മുമ്പ് ഫാത്വിമ ആശുപത്രിയിൽ കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞ് പ്രസവത്തിനിടെ മരിച്ചിരുന്നു. ശാരീരിക അവശതകളെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. യുവതിയുടെ സി ടി സ്‌കാൻ ഫലം വൈകുന്നുവെന്നാരോപിച്ച് ആറ് പേരടങ്ങുന്ന സംഘം ആശുപത്രിയിൽ കടന്ന് ചില്ലുകളും മറ്റും അടിച്ച് തകർത്തുവെന്നാണ് കേസ്.

അതിനിടെ, ഫാത്വിമ ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവത്തിൽ രണ്ട് പേർ കീഴടങ്ങി. ചികിത്സയിലുണ്ടായിരുന്ന യുവതിയുടെ ബന്ധുക്കളായ കുന്ദമംഗലം വരട്ടിയാക്കൽ പുതിയാക്കൽ സഹീർ ഫാസിൽ (25), കുന്ദമംഗലം കുറുക്കൻ കുന്നുമ്മൽ കെ പി മുഹമ്മദലി (56) എന്നിവരാണ് നടക്കാവ് പോലീസിൽ കീഴടങ്ങിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇവരിൽ രണ്ട് പേരാണ് അറസ്റ്റിലായത്. സംഭവത്തിൽ നടക്കാവ് എസ് ഐ കൈലാസ്‌നാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.