Kerala
ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡന്റിനെതിരെ ആക്രമണം; നാലുപേര്‍ പിടിയില്‍
പുതുശ്ശേരി | പാലക്കാട് പുതുശ്ശേരിയിലെ ആലമ്പള്ളത്ത് ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡന്റിനെ ആക്രമിച്ച സംഭവത്തില്‍ നാലുപേര്‍ പിടിയില്‍. പുതുശ്ശേരി കുരുടിക്കാട് കാളാണ്ടിത്തറ സ്വദേശി ലെനിന്‍(32), കഞ്ചിക്കോട് ചടയന്‍ കാലായ് നരസിംഹപുരം പ്രവീണ്‍(32), പുതുശ്ശേരി നീലിക്കാട് പറപടിക്കല്‍ വീട്ടില്‍ മഹേഷ്(31), നീലിക്കാട് പറപടിക്കല്‍ വീട്ടില്‍ സുനില്‍(31) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്. ഇവര്‍ ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകരാണെന്നാണ് വിവരം. മറ്റ് പ്രതികളായ കാളാണ്ടിത്തറ ഗിരീഷ്, കണ്ടാല്‍ തിരിച്ചറിയാവുന്ന ഒരാള്‍ എന്നിവര്‍ ഒളിവിലാണ്.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഡി വൈ എഫ് ഐ നീലിക്കാട് യൂണിറ്റ് പ്രസിഡന്റായ എം അനുവിനെ സുഹൃത്തിന്റെ വീട്ടിനു മുന്നിലെ റോഡില്‍ വച്ച് ആക്രമിക്കുകയായിരുന്നു. രണ്ട് ബൈക്കിലായെത്തിയ ആറംഗ സംഘമാണ് അക്രമം നടത്തിയത്. വെട്ടുന്നത് കൈ കൊണ്ട് തടയുന്നതിനിടെ കൈയിലും ചെവിയിലും പരുക്കേറ്റ അനുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്ത അനു ചൊവ്വാഴ്ച പകല്‍ ആശുപത്രി വിട്ടു. സംഭവത്തില്‍ ഒളിവിലുള്ള പ്രതികളെ ഉടന്‍ തന്നെ പിടികൂടുമെന്ന് കസബ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് രാജീവ് പറഞ്ഞു.