Connect with us

Kerala

ഇ കെ വിഭാഗത്തിന് നേരെ ആക്രമണം; ലീഗ് നേതാക്കളുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസ്

ലീഗ് പ്രാദേശിക നേതാക്കളായ മുഹമ്മദ് കോയ, റിഷാദ് എന്നിവര്‍ക്കും മറ്റ് അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസ്.

Published

|

Last Updated

മുസ്ലിം ലീഗ് ആക്രമണത്തിനെതിരെ എസ് കെ എസ് എസ് എഫ് കുന്ദമംഗലത്ത് നടത്തിയ പ്രതിഷേധം.

കോഴിക്കോട് | കുന്ദമംഗലത്ത് ഇ കെ വിഭാഗം ഇഫ്ത്വാര്‍ പരിപാടിക്ക് നേരെ നടന്ന ആക്രമണത്തില്‍ ഏഴ്  മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ലീഗ് പ്രാദേശിക നേതാക്കളായ മുഹമ്മദ് കോയ, റിഷാദ് എന്നിവരും മറ്റ് അഞ്ച് ലീഗ് പ്രവര്‍ത്തകരും ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് എസ് കെ എസ് എസ് എഫ് കുന്ദമംഗലം മേഖലാ വൈസ് പ്രസിഡന്റ് കാരന്തൂര്‍ ചാക്കേരി സുഹൈല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഒന്നാം പ്രതി മുഹമ്മദ് കോയ കല്ല് കൊണ്ട് എറിഞ്ഞ് പരുക്കേല്‍പ്പിച്ചതായും എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ലീഗ് നേതാവ് മുഹമ്മദ് കോയയുടെ പരാതിയില്‍ എസ് കെ എസ് എസ് എഫ് മേഖലാ വൈസ് പ്രസിഡന്റ് സുഹൈലിനെതിരെയും കുന്ദമംഗലം പോലീസ് കേസെടുത്തു. തടഞ്ഞുവെച്ച് അടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തുവെന്നാണ് കേസ്. കൂടാതെ, താക്കോല്‍ കൊണ്ട് കഴുത്തിന് കുത്തിയെന്നും മൊഴിയുണ്ട്.

അതേസമയം, സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. പ്രശ്നം ഉടലെടുത്ത ഇസ്‌ലാമിക് സെന്ററിലെയും പരിസരത്തെയും സി സി ടി വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. ഇ കെ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള കുന്ദമംഗലത്തെ ഇസ്‌ലാമിക് സെന്റര്‍ പിടിച്ചെടുക്കാന്‍ ലീഗ് പക്ഷം ശ്രമിക്കുന്നുവെന്നതാണ് ഇ കെ വിഭാഗത്തിന്റെ ആരോപണം. ലീഗ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കുന്ദമംഗലം ടൗണില്‍ എസ് കെ എസ് എസ് എഫ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇസ്‌ലാമിക് സെന്ററില്‍ നിന്ന് ആരംഭിച്ച് കുന്ദമംഗലം ബസ് സ്റ്റാന്‍ഡില്‍ അവസാനിച്ചു.

തുടര്‍ന്നു നടന്ന പ്രതിഷേധ പൊതുയോഗം എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം റഹീം ആനക്കുഴിക്കര ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ ഫൈസി, റഫീഖ് പെരിങ്ങളം, ഹാശിര്‍ ഫൈസി, അബ്ദുസ്സ്വമദ് മാണിയമ്പലം, ജാബിര്‍ പൈങ്ങോട്ട് പുറം, പി ടി അസീസ്, റിജാസ് മായനാട്, സലീം കുറ്റിക്കാട്ടൂര്‍ പങ്കെടുത്തു.