Ongoing News
വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് ആക്രമണം: ഒന്നാം പ്രതി അറസ്റ്റില്‍
അങ്ങാടിക്കല്‍ ചന്ദനപ്പള്ളി ചിറക്കോണില്‍ വീട്ടില്‍ വിമല്‍ (23) ആണ് പിടിയിലായത്. രണ്ടാം പ്രതി അഭിജിത് നേരത്തെ അറസ്റ്റിലായിരുന്നു.
![](https://assets.sirajlive.com/2025/02/co2-897x538.jpg)
പത്തനംതിട്ട | വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് ആക്രമണം നടത്തിയ കേസില്‍ ഒന്നാം പ്രതിയെ പത്തനംതിട്ട പോലീസ് പിടികൂടി. അങ്ങാടിക്കല്‍ ചന്ദനപ്പള്ളി ചിറക്കോണില്‍ വീട്ടില്‍ വിമല്‍ (23) ആണ് പിടിയിലായത്. രണ്ടാം പ്രതി അഭിജിത് നേരത്തെ അറസ്റ്റിലായിരുന്നു.
വള്ളിക്കോട് യു പി എസ് സ്‌കൂളിന് സമീപം കൃഷ്ണകൃപ വീട്ടില്‍ ബിജു (54) വിന്റെ വീടിന്റെ മുന്‍വശത്തു വച്ച് കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30 നു ശേഷമാണ് ആക്രമണമുണ്ടായത്. വീടിനു സമീപത്തെ വഴിയിലിരുന്ന് സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. വീടിന്റെ വാതില്‍ പുറത്തുനിന്നും പൂട്ടിയ ശേഷമായിരുന്നു ആക്രമണം.
മദ്യപാനവും അസഭ്യവര്‍ഷവും ചോദ്യം ചെയ്തപ്പോള്‍ ബിജുവുമായി വാഗ്വാദവും പിടിവലിയുമുണ്ടായി. ബിജുവിന്റെ ഭാര്യ, 17 വയസ്സുള്ള മകന്‍ എന്നിവരെയും കൈയേറ്റം ചെയ്തു. കൊടുമണ്‍ പോലീസ് സ്റ്റേഷനിലും പത്തനംതിട്ട എക്സൈസ് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിലും രജിസ്റ്റര്‍ ചെയ്ത, കഞ്ചാവ് വില്‍പനക്കായി കൈവശം സൂക്ഷിച്ചതിന് എടുത്ത കേസുകളില്‍ പ്രതിയാണ് വിമല്‍. കൂടാതെ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ 2023 ല്‍ രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.