Kerala
ഗവര്‍ണര്‍ക്കെതിരായ ആക്രമണം: മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തണം; കെ സുധാകരന്‍
ഗവര്‍ണര്‍ക്കെതിരായ ആക്രമണം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണ്. അക്രമികള്‍ വന്നത് പോലീസ് വാഹനത്തിലാണെന്ന ആരോപണം അതീവ ഗൗരവമുള്ളതാണ്.
തിരുവനന്തപുരം| ഗവര്‍ണറെ ആക്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയത് ദുര്‍ബലമായ വകുപ്പുകളാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. തന്നെ ആക്രമിക്കാന്‍ മുഖ്യമന്ത്രിയാണ് പ്രതിഷേധക്കാരെ അയച്ചതെന്ന് ഗവര്‍ണര്‍ തന്നെ ആരോപിക്കുന്നുണ്ട്. വധശ്രമത്തിനും ഗൂഢാലോചനകുറ്റത്തിനുമുള്ള വകുപ്പുകള്‍ ചുമത്തി മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ക്കെതിരായ ആക്രമണം കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണ്. അക്രമികള്‍ വന്നത് പോലീസ് വാഹനത്തിലാണെന്ന ആരോപണം അതീവ ഗൗരവമുള്ളതാണ്. ഗവര്‍ണറുടെ സഞ്ചാരപാത എസ്എഫ്‌ഐക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി ഉണ്ടാകണം. ഗവര്‍ണറുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും അടിയന്തര നടപടി ഉണ്ടാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയും വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു. പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച സിപിഐഎമ്മുകാര്‍ക്കെതിരെ കേസെടുത്തില്ല. ഈ കേസ് പരിഗണിച്ച ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രൂക്ഷമായ ഭാഷയിലാണ് പോലീസിന്റെ നടപടിയെ വിമര്‍ശിച്ചത്. മന്ത്രിമാര്‍ക്ക് മാത്രമല്ല, ജനത്തിനും സംരക്ഷണം ഉപ്പാക്കണമെന്ന് കടുത്ത ഭാഷയില്‍ കോടതി താക്കീത് ചെയ്തു. ഇതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.