Kerala
ബെംഗളുരുവില്‍ മലയാളി സഹോദരങ്ങള്‍ക്കുനേരെ ആക്രമണം; പരാതി നല്‍കി
സഹോദരിയെ രാത്രി പതിനൊന്നരയോടെ ഹോസ്റ്റലില്‍ കൊണ്ട് വിടുകയായിരുന്നു ആദര്‍ശ്. എന്നാല്‍ പെണ്‍കുട്ടിയെ അകത്ത് കയറ്റില്ലെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പറയുകയായിരുന്നു.
ബെംഗളുരു| ബെംഗളുരുവില്‍ മലയാളി സഹോദരങ്ങള്‍ക്കുനേരെ ആക്രമണം. വയനാട് പുല്‍പ്പള്ളി സ്വദേശികളായ സഹോദരനും സഹോദരിക്കും നേരെയാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി ബെംഗളുരുവിലെ ചന്ദാപുരയിലുള്ള പിജി ഹോസ്റ്റലിലാണ് സംഭവം. സഹോദരിയെ ഹോസ്റ്റലില്‍ കൊണ്ടുവിട്ട സഹോദരനെ ആളുകള്‍ ആക്രമിക്കുകയായിരുന്നു.
സഹോദരിയെ രാത്രി പതിനൊന്നരയോടെ ഹോസ്റ്റലില്‍ കൊണ്ട് വിടുകയായിരുന്നു ആദര്‍ശ്. എന്നാല്‍ പെണ്‍കുട്ടിയെ അകത്ത് കയറ്റില്ലെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പറയുകയായിരുന്നു. ഇക്കാര്യം ചെന്ന് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് ആദര്‍ശ് പറയുന്നു. ഇരുമ്പ് വടി കൊണ്ട് തന്നെയും ബന്ധുവിനെയും അടിക്കുകയും വഴിയില്‍ ഇട്ട് മര്‍ദ്ദിക്കുകയും ചെയ്‌തെന്നും യുവാവ് പറയുന്നു. സഹോദരിയെയും കെട്ടിടമുടമ പിടിച്ച് തള്ളിയെന്നും ആദര്‍ശ് കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടിയെ രാത്രി ഹോസ്റ്റലിന് അകത്തേക്ക് കയറ്റാതെ കെട്ടിട ഉടമ റോഡില്‍ നിര്‍ത്തിയെന്നും പരാതിയുണ്ട്. പിജി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ ആനന്ദ് റെഡ്ഡിക്കെതിരെയാണ് പരാതി. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സഹിതം ബെംഗളുരു സൂര്യ സിറ്റി പോലീസിലാണ് യുവാവ് പരാതി നല്‍കിയത്.