Kerala
പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങള്‍ക്കുനേരെ ആക്രമണം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
സംഭവത്തില്‍ അന്വേഷണത്തിനായി എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
കണ്ണൂര്‍|പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയ സംഭവത്തില്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍. സംഭവം രാഷ്ട്രീയ പ്രേരിതമാണോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഇ.കെനായനാര്‍, സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, ചടയന്‍ ഗോവിന്ദന്‍, ഒ.ഭരതന്‍ എന്നിവരുടെ സ്മൃതി കുടീരങ്ങളിലാണ് അജ്ഞാതര്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയത്.
ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ അന്വേഷണത്തിനായി എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ആക്രമണം നടന്നത് എപ്പോഴാണെന്ന വിവരം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
വിവരമറിഞ്ഞ് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, ജില്ല ആക്ടിങ് സെക്രട്ടറി ടി.വി. രാജേഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആസൂത്രിത ആക്രമണമുണ്ടാക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും എന്നാല്‍ ആരും പ്രകോപിതരാവരുതെന്നും നേതാക്കള്‍ പറഞ്ഞു. നാല് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ മാത്രമാണ് രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കിയത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെയോ സിഎംപി നേതാവ് എംവി രാഘവന്റെയോ സ്മൃതി കുടീരങ്ങള്‍ക്ക് നേരെ ആക്രമണം നടന്നിട്ടില്ല.