From the print
മോസ്കോ ആക്രമണം ; മരണം 143 ആയി
ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ എസ്
മോസ്കോ | റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 143 ആയി. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത നാല് പേർ ഉൾപ്പെടെ 11 പേരെ അറസ്റ്റ് ചെയ്തതായി റഷ്യൻ പ്രസിഡന്റ്വ്ലാദിമിർ പുടിൻ സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ശക്തമായ തിരിച്ചടി നൽകും. ആക്രമണത്തിന് ശേഷം പ്രതികൾക്ക് രക്ഷപ്പെടാൻ അതിർത്തിയിൽ യുക്രൈൻ സൗകര്യമൊരുക്കിയെന്നും പുടിൻ ആരോപിച്ചു.
എന്നാൽ, പുടിന്റെ ആരോപണം അസംബന്ധമാണെന്നാണ് യുക്രൈന്റെ പ്രതികരണം. റഷ്യൻ അധിനിവേശത്തിൽ നിന്ന് രാജ്യത്തെ സ്വന്തന്ത്രമാക്കാനാണ് തങ്ങൾ പോരാടുന്നതെന്ന് യുക്രൈൻ മിലിട്ടറി ഇന്റലിജൻസ് വക്താവ് ആൻഡ്രി യുസോവ് പറഞ്ഞു.
അതിനിടെ, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐ എസ് ഏറ്റെടുത്തു. തങ്ങളുടെ നാല് പ്രവർത്തകർ മോസ്കോയുടെ പ്രാന്തപ്രദേശത്തെ വലിയ പരിപാടിക്ക് നേരെ ആക്രമണം നടത്തിയ ശേഷം സുരക്ഷിതമായി താവളങ്ങളിലേക്ക് തിരിച്ചെത്തിയതായി ഐ എസ് അവരുടെ ടെലഗ്രാം അക്കൗണ്ടിലൂടെ അവകാശപ്പെട്ടു. എന്നാൽ, ഇതിനെ കുറിച്ച് പ്രതികരിക്കാൻ റഷ്യ തയ്യാറായിട്ടില്ല.
സൈനികരുടെതെന്ന് തോന്നിപ്പിക്കുന്ന യൂനിഫോം ധരിച്ചെത്തിയവരാണ് ആക്രമണം നടത്തിയത്. ക്രോകസ് സിറ്റി ഹാളിൽ പ്രവേശിച്ചതിന് പിന്നാലെ അക്രമികൾ വെടിയുതിർക്കുകയും ഗ്രനേഡുകളും ബോംബുകളും എറിയുകയും ചെയ്തു. വെടിവെപ്പ് തുടങ്ങിയതോടെ പലരും ഇരിപ്പിടങ്ങൾക്ക് പിറകിൽ മറഞ്ഞിരുന്നു.
ആക്രമണം രൂക്ഷമായതോടെ അങ്കലാപ്പിലായ ആളുകൾ ഇറങ്ങിയോടിയപ്പോൾ തിക്കിലും തിരക്കിലും പെട്ടാണ് കൂടുതൽ മരണമുണ്ടായത്. 150ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. സംഗീത പരിപാടി നടക്കുന്ന ഹാളിൽ നിന്ന് തീയും കറുത്ത പുകയും ഉയരുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അഗ്നിശമന സേനാ വിഭാഗത്തിന്റെ മൂന്ന് ഹെലികോപ്റ്ററുകളെത്തിയാണ് തീയണച്ചത്.
സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള രാഷ്ട്രത്തലവന്മാർ അപലപിച്ചു. ആക്രമണം അസഹനീയമാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു.