Kerala
ട്രെയിനിലെ ആക്രമണം: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു; മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി സംഘത്തലവന്‍
18 അംഗങ്ങളാണ് സംഘത്തിലുള്ളത്.
തിരുവനന്തപുരം | ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിനില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്താണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമന്‍ ആണ് സംഘത്തലവന്‍. 18 അംഗങ്ങളാണ് സംഘത്തിലുള്ളത്.
ഭീകരവിരുദ്ധ സേന ഡിവൈഎസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ പി.ബിജുരാജ്, താനൂര്‍ ഡിവൈഎസ്.പി വി.വി.ബെന്നി എന്നിവര്‍ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്.
ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുക്കും അന്വേഷണം. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ് എലത്തൂരിന് സമീപം കോരപ്പുഴ പാലത്തിലെത്തിയപ്പോൾ ഡി 1 കോച്ചിലെ യാത്രക്കാരിൽ ഒരാൾ സഹ യാത്രികരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. റെയില്‍വേ പൊലീസ് ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടി. തീ പടര്‍ന്നെങ്കിലും ഉടന്‍ തന്നെ അണയ്ക്കാനായത് വന്‍ അപകടം ഒഴിവാക്കി. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ കുറച്ചു നേരം കോരപ്പുഴ പാലത്തില്‍ നിര്‍ത്തിയിട്ടു. തീ പടര്‍ന്ന കോച്ച് മാറ്റി പിന്നീട് ട്രെയിന്‍ യാത്ര തുടരുകയായിരുന്നു.
സംഭവത്തിൽ പ്രതിയെന്ന് കരുതുന്ന നോയിഡ സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.