Kerala
തുഷാര്‍ ഗാന്ധിക്കെതിരായ കൈയ്യേറ്റം; പരാതിയുമായി ബി ജെ പിയും രംഗത്ത്
കലാപ ശ്രമത്തിനും വിദ്വേഷ പ്രസംഗത്തിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം തുഷാര്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ തുഷാര്‍ ഗാന്ധിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ആര്‍ എസ് എസുകാരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പരാതിയുമായി ബി ജെ പിയും രംഗത്ത്.
തുഷാര്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടാണ് ബി ജെ പിയുടെ പരാതി. കലാപ ശ്രമത്തിനും വിദ്വേഷ പ്രസംഗത്തിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. തുഷാര്‍ ഗാന്ധിയെ തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ രണ്ട് പേരാണ് പരാതിക്കാര്‍. നെയ്യാറ്റിന്‍കര പോലീസില്‍ നല്‍കിയ പരാതിയില്‍, സംഘാടകര്‍ക്ക് ഒപ്പം ചേര്‍ന്ന് കലാപത്തിന് ഗൂഢാലോചന നടത്തിയെന്നും വിദ്വേഷ പ്രസംഗം നടത്തിയെന്നുമാണ് പരാതി.
തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ നെയ്യാറ്റിന്‍കര നഗരസഭയിലെ ബി ജെ പി കൗണ്‍സിലര്‍ മഹേഷ് അടക്കം അഞ്ചു പേരാണ് അറസ്റ്റിലായത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. വഴി തടഞ്ഞതിനും തുഷാര്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനുമാണ് ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരായ മഹേഷ്, കൃഷ്ണ കുമാര്‍, ഹരി കുമാര്‍, സൂരജ്, അനൂപ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദനത്തിന് നെയ്യാറ്റിന്‍കരയില്‍ ഇന്നലെയെത്തിയ തുഷാര്‍ ഗാന്ധി ഇവിടെ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് സംഭവങ്ങള്‍.
രാജ്യത്തെ ബാധിച്ച കാന്‍സറാണ് ആര്‍എസ്എസ് എന്നായിരുന്നു തുഷാര്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മടങ്ങിപ്പോകാനിറങ്ങിയ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് ആര്‍ എസ് എസ് അനുകൂല മുദ്രാവാക്യം മുഴക്കി. തിരിച്ച് ആര്‍എസ്എസ് മൂര്‍ദാബാദ് എന്നും ഗാന്ധിജി സിന്ദാബാദ് എന്നും മുദ്രാവാക്യം മുഴക്കിയാണ് തുഷാര്‍ ഗാന്ധി ഇവിടെ നിന്ന് മടങ്ങിയത്.