National
വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരായ ആക്രമണം: ഗവര്‍ണറെ വിമര്‍ശിച്ച് കെജ്രിവാള്‍
ഡല്‍ഹിയിലെ ക്രമസമാധാനം മെച്ചപ്പെടുത്തുന്നതിന് പകരം വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ് ഗവര്‍ണര്‍ വി.കെ. സക്‌സേനയെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
ന്യൂഡല്‍ഹി| ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ ആക്രമണമുണ്ടായ സംഭവത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയിലെ ക്രമസമാധാനം മെച്ചപ്പെടുത്തുന്നതിന് പകരം വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
വനിതാ കമ്മീഷന്‍ അധ്യക്ഷ പോലും സുരക്ഷിതയല്ലാത്ത അവസ്ഥയാണിപ്പോള്‍. ഡല്‍ഹിയുടെ ക്രമസമാധാനം, പൊലീസ്, ഡി.ഡി.എ എന്നിവ കൈകാര്യം ചെയ്യലാണ് ഗവര്‍ണറുടെ ജോലി. ഡല്‍ഹിയിലെ മറ്റെല്ലാ വിഷയങ്ങളിലും പ്രവര്‍ത്തിക്കലാണ് ഞങ്ങളുടെ ജോലി. നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യുക. അപ്പോള്‍ മാത്രമേ സിസ്റ്റം പ്രവര്‍ത്തിക്കൂ. നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യാതെ ഞങ്ങളുടെ ജോലിയില്‍ ഇടപെടുകയാണെങ്കില്‍, സിസ്റ്റം എങ്ങനെ പ്രവര്‍ത്തിക്കുമെന്നും ഗവര്‍ണറോട് കെജ്രിവാള്‍ ട്വിറ്ററില്‍ ചോദിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഡല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷക്കുനേരെ ആക്രമണമുണ്ടായത്. മദ്യപിച്ച് കാറോടിച്ച് വന്നയാള്‍ ഡല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെ റോഡില്‍ 15 മീറ്ററോളം വലിച്ചിഴച്ചു. സംഭവത്തില്‍ 47കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.