International
പാക്കിസ്ഥാനില്‍ അക്രമികള്‍ 20 ഖനിത്തൊഴിലാളികളെ വെടിവെച്ച് കൊന്നു
കല്‍ക്കരി ഖനിയിലെ താമസസ്ഥലത്ത് തോക്കുധാരികള്‍ ഇരച്ചുകയറി ആളുകളെ വളഞ്ഞിട്ട് വെടിയുതിര്‍ക്കുകയായിരുന്നു
ക്വറ്റ | പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ തോക്കുധാരികള്‍ 20 ഖനിത്തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തി. ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു.
ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും പുതിയ ആക്രമണമാണിത് .വ്യാഴാഴ്ച രാത്രി ഡുക്കി ജില്ലയിലെ കല്‍ക്കരി ഖനിയിലെ താമസസ്ഥലത്ത് തോക്കുധാരികള്‍ ഇരച്ചുകയറി ആളുകളെ വളഞ്ഞിട്ട് വെടിയുതിര്‍ക്കുകയായിരുന്നു. ഭൂരിഭാഗം പേരും ബലൂചിസ്ഥാനിലെ പഷ്തൂണ്‍ സംസാരിക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേരും പരുക്കേറ്റവരില്‍ നാല് പേരും അഫ്ഗാന്‍കാരാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.വിഘടനവാദി ഗ്രൂപ്പുകളുടെ ആസ്ഥാനമാണ് ഈ പ്രവിശ്യ. ഇസ്ലാമാബാദിലെ ഫെഡറല്‍ ഗവണ്‍മെന്റ് എണ്ണയും ധാതു സമ്പന്നവുമായ ബലൂചിസ്ഥാനെ അന്യായമായി ചൂഷണം ചെയ്യുകയാണെന്ന് വിഘടനവാദികള്‍ ആരോപിക്കുന്നു.
തിങ്കളാഴ്ച, പാകിസ്ഥാനിലെ ഏറ്റവും വലിയ വിമാനത്താവളത്തിന് പുറത്ത് ചൈനീസ് പൗരന്മാര്‍ക്ക് നേരെ ചാവേറുകള്‍ ആക്രമണം നടന്നിരുന്നു. ആയിരക്കണക്കിന് ചൈനക്കാര്‍ രാജ്യത്ത് ജോലി ചെയ്യുന്നുണ്ട്