attappadi madhu
അട്ടപ്പാടി മധു വധക്കേസ്; വിധി ഇന്ന് പ്രഖ്യാപിച്ചേക്കും
മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്.
പാലക്കാട് | അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു വധക്കേസിലെ വിധി ഇന്ന് പ്രഖ്യാപിച്ചേക്കും. മണ്ണാര്‍ക്കാട് എസ് സി- എസ് ടി കോടതി വെള്ളിയാഴ്ച അന്തിമ വാദം പൂര്‍ത്തിയാക്കി.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 16 പ്രതികളാണ് കേസിലുള്ളത്.
മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറി. 77 പേര്‍ പ്രോസിക്യൂഷന് അനുകൂലമായും മൊഴി നല്‍കിയത്. കൂറുമാറിയ വനം വകുപ്പിലെ താല്‍കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതിനിടെ കൂറുമാറിയ സാക്ഷികള്‍ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി.
സാക്ഷികള്‍ നിരന്തരം കൂറു മാറിയതോടെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മ മല്ലി ആവശ്യപ്പെട്ടു. തുടര്‍ന്നു രാജേഷ് എം മേനോനെ പ്രോസിക്യൂട്ടറായി നിയമിച്ചു. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് അന്തിമ വാദം പൂര്‍ത്തിയാക്കിയത്.