Kerala
അട്ടപ്പാടി മധു വധക്കേസ്: കൂറുമാറിയ സാക്ഷിയുടെ കാഴ്ചശക്തിക്ക് കുഴപ്പമില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറും.
പാലക്കാട് | അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ സാക്ഷിയുടെ കാഴ്ചശക്തിക്ക് കുഴപ്പമില്ലെന്ന് വ്യക്തമായി. സാക്ഷി സുനില്‍ കുമാറിന് മികച്ച കാഴ്ചശക്തിയുള്ളതായി കോടതി നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറും.
കോടതിയില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ വ്യക്തമാകുന്നില്ലെന്ന് കേസിലെ 29ാം സാക്ഷിയായ സുനില്‍ കുമാര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് സുനില്‍ കുമാറിന്റെ കാഴ്ചശക്തി പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടത്. കൂറുമാറ്റത്തെ തുടര്‍ന്ന്, സൈലന്റ്വാലി ഡിവിഷനു കീഴിലെ താത്ക്കാലിക വാച്ചറായിരുന്ന സുനില്‍ കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
മധുവിനെ പ്രതികള്‍ കൊണ്ടുവരുന്ന വീഡിയോയിലെ ദൃശ്യങ്ങള്‍ കാണുന്നില്ലെന്നായിരുന്നു സുനില്‍ കുമാര്‍ ഇന്ന് വിചാരണക്കിടെ കോടതിയില്‍ പറഞ്ഞത്. ഈ വീഡിയോയില്‍ കാഴ്ചക്കാരനായി സുനില്‍ കുമാറിനെയും കാണാം. ഒന്നും കാണുന്നില്ലെന്ന് പറഞ്ഞതോടെയാണ് കണ്ണ് പരിശോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. നേരത്തെ മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ട് വരുന്നത് കണ്ടു, പ്രതികള്‍ കള്ളന്‍ എന്നു പറഞ്ഞ് മധുവിന്റെ ദൃശ്യങ്ങള്‍ എടുക്കുന്നത് കണ്ടു എന്നെല്ലാം സുനില്‍ കുമാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതാണ് കോടതിയില്‍ മാറ്റിപ്പറഞ്ഞത്.