National
കോടികള്‍ നല്‍കി കൂറുമാറ്റാന്‍ ശ്രമം: തുഷാറിനും ബി എല്‍ സന്തോഷിനും ലുക്കൗട്ട് നോട്ടീസ്
തെലങ്കാന എസ് ഐ ടി ഹൈക്കോടതിയുടെ നിയമോപദേശം തേടിയിരുന്നു
ഹൈദരാബാദ് | തെലങ്കാനയില്‍ എം എല്‍ എമാരെ കോടികള്‍ നല്‍കി കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ എന്‍ ഡി എ കേരള കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവര്‍ക്ക് ലുക്കൗട്ട് നോട്ടീസ്.
പണംനല്‍കി ടി ആര്‍ എസ് എം എല്‍ എമാരെ ബി ജെ പിയിലെത്തിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് തെലങ്കാന പ്രത്യേക അന്വേഷണ സംഘത്തിന്റെ(എസ് ഐ ടി) നടപടി. എസ് ഐ ടി സമന്‍സില്‍ ചോദ്യംചെയ്യാന്‍ നേതാക്കള്‍ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്യാന്‍ നീക്കം. സമന്‍സ് അയച്ചവരില്‍ ബി ശ്രീനിവാസ് മാത്രമാണ് ചോദ്യംചെയ്യലിനെത്തിയത്. ഇവരെ അറസ്റ്റ് ചെയ്യാന്‍ എസ് ഐ ടി തെലങ്കാന ഹൈക്കോടതിയുടെ നിയമോപദേശം തേടിയിരുന്നു.
കൂറുമാറ്റാനുള്ള ഗൂഢനീക്കത്തില്‍ പ്രധാന പങ്കുവഹിച്ചത് തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് തെലങ്കാന മുഖ്യമന്ത്രിയും പാര്‍ട്ടി തലവനുമായ കെ ചന്ദ്രശേഖര്‍ റാവു ആരോപിച്ചിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി 100 കോടി രൂപ വീതം നാല് എം എല്‍ എമാര്‍ക്ക് വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. ഇതിനുപുറമെ 50 ലക്ഷം രൂപ വീതം കൂറുമാറാന്‍ ഭരണകക്ഷി എ എല്‍ എമാര്‍ക്ക് ബി ജെ പി വാഗ്ദാനം ചെയ്തെന്നും ആരോപണമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും തെലങ്കാന മുഖ്യമന്ത്രി ഹാജരാക്കിയിരുന്നു. എന്നാല്‍, ദൃശ്യങ്ങള്‍ വ്യാജമാണെന്നാണ് ബി ജെ പിയുടെ വാദം.
തിങ്കളാഴ്ച ഹൈദരാബാദിലെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തുഷാറിന് എസ് ഐ ടി സമന്‍സ് അയച്ചിരുന്നു. ദിവസങ്ങള്‍ക്കുമുന്‍പ് കൊല്ലം ജില്ലയിലെ വിവിധയിടങ്ങളില്‍ തെലങ്കാന പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു സമന്‍സ്. മുഖ്യമന്ത്രി തന്നെ ഉന്നയിച്ച ആരോപണമായതിനാല്‍ വിഷയത്തെ ഗൗരവമായാണ് പ്രത്യേക അന്വേഷസംഘം കാണുന്നത്.