Kerala
ജനത്തെ അകറ്റുന്ന ശൈലി മാറണം; തെറ്റായ പ്രവണതകള്‍ സി പി എം വച്ചുപൊറുപ്പിക്കില്ല: എം വി ഗോവിന്ദന്‍
സംസ്ഥാന സമിതി റിപോര്‍ട്ട് കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാര്‍ത്ത തെറ്റാണ്. സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍ തന്നെയാണ് സി സി റിപോര്‍ട്ടിലുള്ളത്.
തിരുവനന്തപുരം | സംസ്ഥാനത്ത് എസ് എഫ് ഐയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ചെറിയ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് എസ് എഫ് ഐ തന്നെ പരിഹരിക്കും. പ്രതിഭാശാലികളെ നാടിന് സംഭാവന ചെയത് പ്രസ്ഥാനമാണ് എസ് എഫ് ഐ. എസ് എഫ് ഐയെ തകര്‍ക്കാന്‍ പലരും അവസരം കാത്തിരിക്കുകയാണ്. പാരമ്പര്യത്തെ തള്ളിപ്പറഞ്ഞ് പ്രസ്ഥാനത്തെ ആകെ തകര്‍ക്കരുത്. ബിനോയ് വിശ്വത്തിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണെന്നും അതിനു പദാനുപദ മറുപടിയില്ലെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ഗോവിന്ദന്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനത്തില്‍ സി പി എം കേന്ദ്ര കമ്മിറ്റി ഇന്ത്യയിലെ ആകെ സാഹചര്യം വിലയിരുത്തി. നാല് മേഖലാ യോഗങ്ങളും കഴിഞ്ഞു. വിവിധ തലങ്ങളിലെ നേതാക്കള്‍ക്കും പാര്‍ട്ടി അംഗങ്ങള്‍ക്കും റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.
സംസ്ഥാന സമിതി റിപോര്‍ട്ട് കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാര്‍ത്ത അദ്ദേഹം തള്ളി. സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍ തന്നെയാണ് സി സി റിപോര്‍ട്ടിലുള്ളത്. ഇ പി ജയരാജനെ പേരെടുത്ത് വിമര്‍ശിച്ചെന്ന പരാമര്‍ശം തെറ്റാണ്.
സ്വര്‍ണം പൊട്ടിക്കലിനോട് ഒരുതരം വിട്ടുവീഴ്ചയും സി പി എമ്മിനില്ല. ജയരാജന്‍ തെറ്റുകാരനല്ല. തെറ്റായ പ്രവണതകള്‍ സി പി എം വച്ചുപൊറുപ്പിക്കില്ല. ജനത്തെ അകറ്റുന്ന ശൈലികള്‍ സി പി എം മാറ്റണം. അതില്‍ നേതാക്കളുടെ അഹംഭാവവും ഉള്‍പ്പെടും. എന്നാല്‍ അത് മുഖ്യമന്ത്രിയുടെ ശൈലിയെന്ന വ്യാഖ്യാനം വേണ്ട.