Ongoing News
ഫലസ്തീന്‍ ജനതയെ കുടിയിറക്കാനുള്ള ശ്രമം വംശീയ ഉന്മൂലനം : ഒ ഐ സി
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനിലെ അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ ഇരുപതാമത് അസാധാരണ സെഷന്‍ പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

ജിദ്ദ | ഫലസ്തീന്‍ ജനതയെ കുടിയിറക്കാനുള്ള ശ്രമം വംശീയ ഉന്മൂലനവും, അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനവും, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവും, രാഷ്ട്രങ്ങളുടെ പരമാധികാരത്തിന്റെ അസ്വീകാര്യമായ ലംഘനമാണെന്നും ജിദ്ദയില്‍ ചേര്‍ന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ അസാധാരണ യോഗം വിലയിരുത്തി. ഫലസ്തീന്‍ ജനതയ്ക്കെതിരായ ഇസ്രായേലിന്റെ ആക്രമണത്തെയും പിറന്ന മണ്ണില്‍ നിന്ന് ഫലസ്തീനികളെ കുടിയിറക്കാനുള്ള ശ്രമങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജിദ്ദയിലെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ ജനറല്‍ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനത്ത് ഇന്നലെ നടന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനിലെ അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ ഇരുപതാമത് അസാധാരണ സെഷന്‍ പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
ഫലസ്തീന്‍ ജനതയെ സ്വന്തം മണ്ണ് വിട്ടുപോകാന്‍ നിര്‍ബന്ധിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നിയമവിരുദ്ധമായ കൂട്ടിച്ചേര്‍ക്കലുകളും കുടിയേറ്റങ്ങളും, വീടുകള്‍ പൊളിച്ചുമാറ്റല്‍, ഭൂമി കണ്ടുകെട്ടല്‍, അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കല്‍, ഫലസ്തീന്‍ ക്യാമ്പുകളിലേക്കും നഗരങ്ങളിലേക്കും ഇസ്രായേല്‍ സൈനിക കടന്നുകയറ്റം, കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ വെസ്റ്റ് ബാങ്കിന്റെ ഏതെങ്കിലും ഭാഗങ്ങളില്‍ ഇസ്രായേലിന്റെ പരമാധികാരം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ എല്ലാ നടപടികളും അവസാനിപ്പിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
2025 ജൂണില്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടക്കാനിരിക്കുന്ന സഊദി അറേബ്യയുടെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുമുള്ള അന്താരാഷ്ട്ര സമ്മേളനത്തില്‍ സജീവ പങ്കാളിത്തതിനും കൗണ്‍സില്‍ പിന്തുണ സ്ഥിരീകരിച്ചു