Connect with us

National

വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം: കെ രാധാകൃഷ്ണന്‍

ഫാസിസം ഓരോരുത്തരെയായി തിരഞ്ഞുവരികയാണെന്നും ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ ഒടുക്കം നമുക്കായി സംസാരിക്കാന്‍ ആരും ഉണ്ടാവില്ലെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഇതോടെ സുരേഷ് ഗോപി പ്രകോപിതനായി

Published

|

Last Updated

ന്യൂഡല്‍ഹി | വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമമെന്ന് സി പി എം ലോകസഭാ കക്ഷി നേതാവ് കെ രാധാകൃഷ്ണന്‍ എം പി. മുസ്ലീം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും കെ രാധാകൃഷ്ണന്‍ എം പി പറഞ്ഞു.

ബില്‍ ന്യൂനപക്ഷ വിരുദ്ധമായത് കൊണ്ട് സി പി എം എതിര്‍ക്കുന്നു. കേന്ദ്രസര്‍ക്കാറിന് ന്യൂനപക്ഷങ്ങളോട് ആത്മാര്‍ഥതയുണ്ടെങ്കില്‍ കുട്ടികള്‍ക്കുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുനസ്ഥാപിക്കണം. മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിക്രമിച്ചു കയറുന്നതിന്റെ അപകടം ഈ ബില്ലിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫാസിസം ഓരോരുത്തരെയായി തിരഞ്ഞുവരികയാണെന്നും ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ ഒടുക്കം നമുക്കായി സംസാരിക്കാന്‍ ആരും ഉണ്ടാവില്ലെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. ആദ്യം അവര്‍ കമ്യൂണിസ്റ്റുകാരെ തേടിവന്നു…. എന്നു തുടങ്ങുന്ന പ്രസിദ്ധ പ്രൊട്ടസ്റ്റന്റ് പുരോഹിതനും നാസിവിരുദ്ധ പ്രവര്‍ത്തകനുമായിരുന്ന നീമൊളെറുടെ വരികളാണ് രാധാകൃഷ്ണന്‍ ഉദ്ധരിച്ചത്. ഇതോടെ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രകോപിതനായി. പ്രസംഗത്തിനിടെ ഭരണ പക്ഷ ബഞ്ചാകെ പ്രതിഷേധം ഉയര്‍ത്തി.

വഖഫ് ബില്‍ പാസാകുന്നതോടെ കേരളം പാസ്സാക്കിയ പ്രമേയം അറബിക്കടലില്‍ പതിക്കുമെന്ന് സുരേഷ് ഗോപി എം പി വികാര വിക്ഷുബ്ദുനായി വിളിച്ചു പറഞ്ഞു. വഖഫ് ഭേദഗതി ബില്‍ വിഭജന ശ്രമമെന്നാണ് കോണ്‍ഗ്രസ് എം പി കെ സി വേണുഗാപാല്‍ പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിന് മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കലാണ് ബില്ലിന്റെ അജണ്ട. ന്യൂനപക്ഷത്തിന് എതിരല്ല ബില്ലെന്ന് കിരണ്‍ റിജിജു പറയുന്നത് കുറ്റബോധം കാരണമാണ്. മുനമ്പത്തെ ജനതയെ പൂര്‍ണമായി പിന്തുണക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

 

 

Latest