Connect with us

National

അമിത് ഷായുടെ മകന്റെ പേരില്‍ ബിജെപി എംഎല്‍എമാരില്‍ നിന്നും പണം തട്ടാന്‍ ശ്രമം; പ്രതികള്‍ പിടിയില്‍

പ്രിയാന്‍ഷു പന്തും കൂട്ട് പ്രതിയുമാണ് പിടിയിലായത്. പ്രിയാന്‍ഷു പന്തുമായി ബന്ധമുള്ള മറ്റൊരാള്‍ ഇപ്പോള്‍ ഒളിവിലാണ്.

Published

|

Last Updated

ഡെറാഡൂണ്‍|കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബിജെപി എംഎല്‍എമാരില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. അമിത് ഷായുടെ മകനും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായ ജയ് ഷായെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍എയോട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടത്. പ്രിയാന്‍ഷു പന്ത് (19), കൂട്ട് പ്രതിയുമാണ് പിടിയിലായത്. പ്രിയാന്‍ഷു പന്തുമായി ബന്ധമുള്ള മറ്റൊരാള്‍ ഇപ്പോള്‍ ഒളിവിലാണ്.

പ്രിയാന്‍ഷു പന്തിനെ തിങ്കളാഴ്ച ഡല്‍ഹിയില്‍ വെച്ചും മറ്റൊരു പ്രതിയായ ഉവേശ് അഹമ്മദിനെ രുദ്രാപൂരില്‍ നിന്നുമാണ് പിടികൂടിയതെന്ന് ഹരിദ്വാര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് പ്രമോദ് സിംഗ് ഡോബല്‍ പറഞ്ഞു. മറ്റൊരു പ്രതിയായ ഗൗരവ് നാഥിനായി തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിദ്വാറിലെ റാണിപ്പൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എ ആദേശ് ചൗഹാനോട് അഞ്ച് ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം ആദേശ് ചൗഹാന് ഒരു അജ്ഞാത നമ്പറില്‍ നിന്ന് ജയ് ഷാ ആണെന്ന് സ്വയം പരിചയപ്പെടുത്തി ഫോണ്‍ സന്ദേശം വരികയായിരുന്നു. പാര്‍ട്ടി ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ടു. ആദേശ് സംശയം പ്രകടിപ്പിച്ചപ്പോള്‍ പണം നല്‍കിയില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് പരാതി.

ആദേശിന് പുറമേ മന്ത്രിമാരാക്കാമെന്ന് വാഗ്ദാനം നല്‍കി നൈനിറ്റാള്‍ എംഎല്‍എ സരിത ആര്യ, രുദ്രാപൂര്‍ എംഎല്‍എ ശിവ് അറോറ എന്നിവരില്‍ നിന്നും മൂന്ന് പ്രതികളും പണം തട്ടാന്‍ ശ്രമിച്ചതായും പോലീസ് പറയുന്നു.

 

 

Latest