molestation
ഫോറസ്റ്റ് സ്‌റ്റേഷനില്‍ വനിതാ വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമം; ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്ക് സസ്പെൻഷൻ
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പത്തനംതിട്ട | ഗവി ഫോറസ്റ്റ് സ്‌റ്റേഷനില്‍ വനിതാ വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ മനോജ് മാത്യുവിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വനം വകുപ്പ് മേധാവിക്ക് കഴിഞ്ഞ ദിവസം മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാള്‍ വനംവകുപ്പിന് കളങ്കമുണ്ടാക്കിയെന്നും ശിക്ഷ ഉറപ്പാക്കി മുന്നോട്ടുപോകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വനിതാ വാച്ചര്‍ സഹപ്രവര്‍ത്തകനായ വാച്ചര്‍ക്കൊപ്പം ഭക്ഷണം ഉണ്ടാക്കുന്നതിനിടെ ആവശ്യമായ സാധനം എടുത്ത് നല്‍കാമെന്ന് പറഞ്ഞ് മനോജ് മാത്യു ഇവരെ സ്‌റ്റോര്‍ റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അടക്കമുള്ളവര്‍ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ വകുപ്പ് ഉള്‍പ്പെടുത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.