Kerala
അധ്യാപകനെ വ്യാജ പരാതിയില്‍ പോക്‌സോ കേസില്‍ കുടുക്കാന്‍ ശ്രമം; പ്രധാന അധ്യാപകനടക്കം നാല് പേര്‍ക്കെതിരെ കേസ്
സ്‌കൂള്‍ മാനേജ്മെന്റിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയതിന് പക വീട്ടാന്‍ ഗൂഢാലോചന നടന്നുവെന്ന് അധ്യാപകന്‍
കണ്ണൂര്‍ | അധ്യാപകനെ വ്യാജ പോക്സോ കേസില്‍ കുടുക്കാന്‍ ശ്രമം. കണ്ണൂര്‍ കടമ്പൂര്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ പി ജി സുധിക്കെതിരായ പരാതി വ്യാജമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയ പ്രധാന അധ്യാപകനും സഹപ്രവര്‍ത്തകനും അടക്കം 4 പേര്‍ക്കെതിരെ എടക്കാട് പോലീസ് സ്വമേധയാ കേസെടുത്തു.
കണ്ണൂരിലെ കടമ്പൂര്‍ ഹൈസ്‌കൂളില്‍ സാമൂഹ്യ ശാസ്ത്ര അധ്യാപകനാണ് പിജി സുധി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സുധിക്കെതിരെ എടക്കാട് പോലീസില്‍ ലൈംഗിക അതിക്രമ പരാതി ലഭിച്ചത്. സ്‌കൂളിലെ വിദ്യാര്‍ഥിനികളോട് ലൈംഗിക താത്പര്യത്തോടെ ഇടപെട്ടുവെന്നായിരുന്നു പരാതി. പോലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സ്‌കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. വീണ്ടും അന്വേഷണം തുടര്‍ന്നു.
എന്നാല്‍ അധ്യാപകനെ ആസൂത്രിതമായി കുടുക്കിയതെന്ന് കണ്ടെത്തി. പരാതി വ്യാജമെന്ന് വ്യക്തമായതോടെ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ സുധാകരന്‍ മഠത്തില്‍,സഹ അധ്യാപകന്‍ സജി, പി ടി എ പ്രസിഡന്റ് രഞ്ജിത് എന്നിവരടക്കം 4 പേര്‍ക്കെതിരെയാണ് കേസ്.കേസ് വ്യാജമാണെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെ വ്യാജ മൊഴി നല്‍കിയ വിദ്യാര്‍ഥിനിയുടെ മാതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സ്‌കൂള്‍ മാനേജ്മെന്റിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയതിന് പക വീട്ടാന്‍ ഗൂഢാലോചന നടന്നുവെന്ന് അധ്യാപകന്‍ പറഞ്ഞു.