Connect with us

Attempt to kill

എസ് ഐയെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമം; ഒരു പ്രതി കൂടി പിടിയില്‍

ഒറ്റപ്പാലം സ്വദേശി അജീഷ് ആണ് തൃശ്ശൂരില്‍ നിന്ന് പിടിയിലായത്

Published

|

Last Updated

പാലക്കാട് | തൃത്താലയില്‍ എസ് ഐയെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. ഇന്നലെ പിടിയിലായ മുഖ്യപ്രതി അലന്റെ സുഹൃത്തും ഒറ്റപ്പാലം സ്വദേശിയുമായ അജീഷ് ആണ് തൃശ്ശൂരില്‍ നിന്ന് പിടിയിലായത്.

വാഹനപരിശോധനക്കിടെ എസ് ഐയെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് വാഹനം ഇടിപ്പിച്ചതെന്ന് എഫ് ഐ ആറില്‍ പറയുന്നു. ശനി രാത്രി 11 മണിക്ക് കാറിലിരുന്ന് മദ്യപിക്കുകയായിരുന്നെന്ന് പ്രതികളുടെ മൊഴിയുണ്ട്. ദുരൂഹ സാഹചര്യത്തില്‍ കണ്ട വാഹനം പോലീസ് പരിശോധിക്കാന്‍ എത്തിയപ്പോള്‍ പിടിക്കപ്പെടാതിരിക്കാനാണ് കാറുമായായി വെട്ടിച്ചു കടന്നത് എന്നാണ് പ്രതികളുടെ മൊഴി.

തൃത്താല സ്റ്റേഷനിലെ എസ് ഐ ശശി കുമാറാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. പരിക്കേറ്റ എസ് ഐ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്രഷര്‍ ഉടമ അഭിലാഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ 19 കാരനായ മകന്‍ അലനാണ് വാഹനമോടിച്ചത്. അപകടസമയത്ത് കൂടെയുണ്ടായിരുന്നത് സുഹൃത്തായ ഒറ്റപ്പാലം സ്വദേശി അജീഷ് ആണെന്ന് അലന്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

തൃത്താല സി ഐ യുടെ നേതൃത്വത്തില്‍ പോലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് വെള്ളിയാങ്കല്ലില്‍ സംശയാസ്പദമായി ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. പോലീസിനെ കണ്ടതും വാഹനത്തിലുണ്ടായിരുന്നവര്‍ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ചു. കൈ കാണിച്ചെങ്കിലും വാഹനം നിര്‍ത്താതെ മുന്നോട്ട് പോയി. എസ് ഐയെ ഇടിച്ചു വീഴ്ത്തി. എസ്‌ഐയെ മനപൂര്‍വം വാഹനം ഇടിക്കുകയായിരുന്നുവെന്ന് തൃത്താല സി ഐ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ വാഹന ഉടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

 

 

 

---- facebook comment plugin here -----

Latest