Connect with us

Kerala

സിപിഎമ്മിലെ മാപ്പിള ലഹളയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം; അന്‍വര്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രസക്തം: കെ ടി ജലീല്‍ എംഎല്‍എ

പോലീസിലെ സംഘിവല്‍ക്കരണത്തിനെതിരെ അന്‍വറുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

Published

|

Last Updated

മലപ്പുറം |  പി വി അന്‍വര്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രസക്തമാണെന്നും അതില്‍ കാര്യമുണ്ടെന്നു തോന്നിയതുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും കെ ടി ജലീല്‍ എംഎഎല്‍എ. അന്‍വറുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന സഹപ്രവര്‍ത്തകനാണ് താന്‍. അന്‍വറിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും കെ ടി ജലീല്‍ പറഞ്ഞു

എഡിജിപി എംആര്‍ അജിത് കുമാര്‍ തെറ്റു ചെയ്തുവെങ്കില്‍ ഉറച്ച നടപടിയും നിലപാടും ഉണ്ടാകുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും കെ ടി ജലീല്‍ പറഞ്ഞു. പോലീസില്‍ വര്‍ഗീയവത്കരണം കുറച്ചു കാലങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. പോലീസിലെ സംഘിവല്‍ക്കരണത്തിനെതിരെ അന്‍വറുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അതു സത്യമാണ്. അന്‍വര്‍ ഉന്നയിച്ചത് സ്വതന്ത്ര എംഎല്‍എയുടെ സ്വാതന്ത്ര്യമാണ്. മലപ്പുറത്ത് കൂടുതല്‍ സ്വര്‍ണക്കടത്തു കേസുകള്‍ പിടിക്കുന്നു എന്ന തരത്തില്‍ പോലീസ് തെറ്റിദ്ധാരണാജനകമായിട്ടുള്ള വാര്‍ത്തകള്‍ പുറത്തുവിടുകയാണെന്നും കെ ടി ജലീല്‍ പറഞ്ഞു.

കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും എന്തു പിടിച്ചാലും മലപ്പുറത്ത് കള്ളക്കടത്തു പിടിച്ചു എന്ന തരത്തിലാണ് പ്രചാരണം ഉണ്ടാകുന്നത്. ഇതിന്റെ പിന്നിലുള്ള രഹസ്യമെന്താണെന്ന് അന്വേഷിക്കേണ്ടതാണ്. സിപിഎമ്മിലെ മാപ്പിള ലഹളയാണ്, മലബാര്‍ കലാപമാണ് എന്നു വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കെ ടി ജലീല്‍ പറഞ്ഞു