Kerala
ബാലഗോപാലിന്റെത് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം; മറുപടിയുമായി എന്‍ കെ പ്രേമചന്ദ്രന്‍ എം പി
സംയോജിത ചരക്ക് സേവന നികുതി (ഐ ജി എസ് ടി) സംബന്ധിച്ച ചോദ്യമാണ് താന്‍ ലോക്‌സഭയില്‍ ഉന്നയിച്ചത്. എന്നാല്‍, ജി എസ് ടി കോമ്പന്‍സേഷന്‍ കേരളത്തിന് ലഭിക്കുന്നില്ലെന്ന് താന്‍ പറഞ്ഞതായാണ് മന്ത്രി പ്രചരിപ്പിക്കുന്നത്.
തിരുവനന്തപുരം | ജി എസ് ടി വിഷയത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിന് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ മറുപടി. സംയോജിത ചരക്ക് സേവന നികുതി (ഐ ജി എസ് ടി) സംബന്ധിച്ച ചോദ്യമാണ് താന്‍ ലോക്‌സഭയില്‍ ഉന്നയിച്ചത്. എന്നാല്‍, ജി എസ് ടി കോമ്പന്‍സേഷന്‍ കേരളത്തിന് ലഭിക്കുന്നില്ലെന്ന് താന്‍ പറഞ്ഞതായാണ് മന്ത്രി പ്രചരിപ്പിക്കുന്നത്. ഇതിലൂടെ മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രേമചന്ദ്രന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
ജി എസ് ടി കുടിശ്ശികയുടെ പ്രശ്നമല്ല കേരളം ഉന്നയിക്കുന്നതെന്നും അതുകൊണ്ടുതന്നെ ലോക്സഭയിലെ എന്‍ കെ പ്രേമചന്ദ്രന്റെ ചോദ്യം തന്നെ വസ്തുതാ വിരുദ്ധമാണെന്നുമാണ് ബാലഗോപാല്‍ പറഞ്ഞിരുന്നത്.
എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ എഫ് ബി കുറിപ്പ്:
ഐ ജി എസ് ടി, അഥവാ അന്തര്‍ സംസ്ഥാന വില്‍പ്പനയില്‍ ഈടാക്കുന്ന നികുതി സംബന്ധിച്ച ചോദ്യമാണ് ഇന്ന് ലോകസഭയില്‍ ഞാന്‍ ഉന്നയിച്ചത്. എന്നാല്‍ ജി എസ് ടി കോമ്പന്‍സേഷന്‍ കേരളത്തിന് ലഭിക്കുന്നില്ല എന്ന വിഷയമാണ് ഞാന്‍ ഉന്നയിച്ചതു എന്ന തെറ്റായ കാര്യം പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നടത്തുന്നത്. ഞാന്‍ ഇന്ന് ലോകസഭയില്‍ ഉന്നയിച്ച ചോദ്യം വളരെ വ്യക്തമായിരുന്നു.
കേരളത്തിന് ഐ ജി എസ് ടി ഇനത്തില്‍ 5000 കോടി രൂപ വരെ പ്രതിവര്‍ഷം നഷ്ടമാകുന്നു എന്ന എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശമായി കേരളത്തിലെ പ്രധാന മാധ്യമം 2023 ഫെബ്രുവരി 6 നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്രം സംസ്ഥാനങ്ങള്‍ക്കായി ഐ ജി എസ് ടി നല്‍കുന്നതില്‍ വിവേചനം കാണിക്കുന്നു എന്ന് സര്‍ക്കാരിന്റെ തന്നെ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലും കണ്ടെത്തിയിട്ടുണ്ട്. 2021 ല്‍ നടത്തിയ ജി എസ് ടി സംബന്ധിച്ച പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ ഇതാണ്.
ഇതോടൊപ്പം പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച റവന്യു ഡെഫിസിറ്റ് ഗ്രാന്റ് പൂര്‍ണമായും നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുന്നു എന്ന് സി പി. എം എം എല്‍ എ മാരടക്കം നിരന്തരം ഉന്നയിക്കുന്ന വിഷയമാണ്. സമീപ ദിവസങ്ങളിലെ ദേശാഭിമാനി ദിനപത്രത്തിലെ പ്രധാന വാര്‍ത്തകള്‍ തന്നെ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ജി എസ് ടി വിഹിതം നല്‍കുന്നതില്‍ ഗുരുതരമായ വിവേചനം കേന്ദ്രം കാണിക്കുന്നുവെന്നും സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പദ്ധതികളെ അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഭാഗമാണിതെന്നും കുറ്റപ്പെടുത്തുന്നു. ഈ രണ്ടു കാര്യത്തില്‍ വ്യക്തത വരുത്തി സംസ്ഥാനത്തിനു അര്‍ഹമായ തുക ലഭ്യമാക്കാനുള്ള ഇടപെടലാണ് ഞാന്‍ ഇന്ന് സഭയില്‍ നടത്തിയത്.
ഐ ജി എസ് ടി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട തുക ലഭ്യമാകുന്നില്ല എന്നത് വസ്തുതയാണ്. സംസ്ഥാനങ്ങളില്‍ നടക്കുന്ന നോണ്‍ ഐ ടി സി അടക്കമുള്ള അന്തര്‍ സംസ്ഥാന വില്‍പ്പനകളില്‍ കൃത്യമായി ഫയലിംഗ് നടന്നാല്‍ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ഐ ജി എസ് ടി പൂളില്‍ നിന്നും സംസ്ഥാനത്തിന് അര്‍ഹമായ തുക ലഭിക്കുകയുള്ളു എന്നതാണ് വസ്തുത. ഇതുകൊണ്ട് തന്നെയാണ് ഐ ജി എസ് ടി പൂളില്‍ തുക അവശേഷിക്കുന്നതും അത് ‘ad hoc settlement’ ആയി സംസ്ഥാനങ്ങള്‍ക്ക് വീതം വച്ചു നല്‍കുന്നതും. ഈ ഇനത്തില്‍ കേന്ദ്രത്തില്‍ നിന്നും കേരളത്തിനടക്കം ലഭിക്കേണ്ട കോടി കണക്കിന് രൂപ നഷ്ടമാകുന്നു എന്നതാണ് വസ്തുത. ഇതിനുള്ള ഒരു പരിഹാരം അന്തര്‍ സംസ്ഥാന ചരക്ക് നീക്കങ്ങളുടെ E-WAY Bill പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ്. കഴിഞ്ഞ ആറു വര്‍ഷമായി ഫലപ്രദമായി ഈ ജോലി നിര്‍വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആയില്ല എന്ന് യാഥാര്‍ത്ഥ്യം തിരിച്ചറിയണം. ഇതിലേക്കായി ആറുകോടി രൂപ മുടക്കി സ്ഥാപിച്ച ANPR ക്യാമറകള്‍ പ്രവര്‍ത്തനക്ഷമം അല്ലാതായിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് കേന്ദ്ര ധനകാര്യ മന്ത്രി കേരളം 2017 മുതല്‍ അഞ്ചു വര്‍ഷമായി എ ജി സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നില്ല എന്ന് പറഞ്ഞിരിക്കുന്നത്.
സംസ്ഥാനങ്ങള്‍ക്ക് ജി എസ് ടി കോമ്പന്‍സേഷന്‍ ലഭിക്കുന്നതിനുള്ള കാലപരിധി ദീര്‍ഘിപ്പിക്കണമെന്ന വിഷയം ഇന്നത്തെ മൂല ചോദ്യത്തിന് മറുപടിയായി മന്ത്രിസഭയില്‍ സ്പഷ്ടമായി വ്യക്തമാക്കിയതാണ്. അതിനു ശേഷമുള്ള എന്റെ ഉപചോദ്യത്തിനാണ് സംസ്ഥാന ഗവണ്‍മെന്റിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചുകൊണ്ട് മന്ത്രിസഭയില്‍ മറുപടി പറഞ്ഞത്. 14 ശതമാനത്തില്‍ താഴെ നികുതി വളര്‍ച്ച കൈവരിക്കാത്ത സാഹചര്യത്തില്‍ 14 ശതമാനം വരെ നികുതി വളര്‍ച്ച നേടാനാണ് ജി എസ് ടി കോമ്പന്‍സേഷന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നത്. സംസ്ഥാനത്തെ ജി എസ് ടി വളര്‍ച്ചാ നിരക്ക് 20 ശതമാനത്തില്‍ കൂടുതലാണ് എന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ 14 ശതമാനം വരെ നഷ്ടപരിഹാരം നല്‍കുന്ന ജി എസ് ടി കോമ്പന്‍സേഷന്‍ ഇപ്പോള്‍ അവശ്യപ്പെടുന്നതിലെ അപ്രായോഗികത
കൂടി നമ്മള്‍ ചിന്തിക്കണം. ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റ് ആയ കേരളത്തിനു ഏറ്റവും അനുയോജ്യമായ ജി എസ് ടിയില്‍ നമുക്ക് 30 ശതമാനം വരെ വളര്‍ച്ച നേടാന്‍ സാധിക്കും എന്നതാണ് വസ്തുത. മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കും ഇതേ അഭിപ്രായം നിരവധി തവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കേരളം ഇതില്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഇതിനായി ഓഡിറ്റ്, എന്‍ഫോഴ്‌സ്മെന്റ്, ഇന്റലിജന്‍സ് അടക്കമുള്ളവ ശക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
സംസ്ഥാന ധനമന്ത്രിയോട് വ്യക്തതക്കായി …..?
1.ഐ ജി എസ് ടി (സംയോജിത ചരക്ക് സേവന നികുതി) ഇനത്തില്‍ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട നികുതി ലഭ്യമായിട്ടുണ്ടോ ?
2 ലഭ്യമായിട്ടില്ലെങ്കില്‍ കാരണമെന്ത് ?
3.അഞ്ചുവര്‍ഷത്തെ എ ജി അറ്റസ്റ്റഡ് ഓഡിറ്റ് സ്റ്റേറ്റ്‌മെന്റ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോ? ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണമെന്ത് ?
4.ഐ ജി എസ് ടി ഇനത്തില്‍ സംസ്ഥാന സര്‍ക്കാറിന് പ്രതിവര്‍ഷം 5000 കോടി രൂപയടെ ധനനഷ്ടം പ്രതിവര്‍ഷം ഉണ്ടായിട്ടുണ്ടെന്ന് എക്‌സ്‌പെന്റീച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ? ആ റിപ്പോര്‍ട്ട് നിയമസഭയില്‍ ഹാജരാക്കാത്തതിന് കാരണമെന്ത്?
ഈ ചോദ്യങ്ങള്‍ക്കാണ് കേന്ദ്ര ധന മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ധനമന്ത്രി പ്രതികരിക്കേണ്ടത്. അതിനുപകരം സിപിഎമ്മും ഗവണ്‍മെന്റും ഇന്നലെ വരെ കേന്ദ്ര സര്‍ക്കാരിനെതിര ഉന്നയിച്ച ആരോപണങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പാര്‍ലമെന്റിലൂടെ കൊണ്ടുവന്ന ചോദ്യകര്‍ത്താവായ ഞാനാണോ തെറ്റുകാരന്‍ …..? കേന്ദ്ര സര്‍ക്കാരില്‍ നിന്നും കേരളത്തിനു അര്‍ഹമായ വിഹിതം നേടിയെടുക്കുന്നതില്‍ ശക്തമായ ഇടപെടല്‍ എം പി എന്ന നിലയില്‍ ഇനിയും തുടരും …