Connect with us

Kerala

മുന്‍ ഭാര്യയുമായി സൗഹൃദമുണ്ടെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം

ഹബീബ് എന്ന അഭിലാഷ്, കൂട്ടാളി അഹമ്മദ് കബീര്‍ എന്നിവര്‍ അറസ്റ്റില്‍

Published

|

Last Updated

കാസര്‍കോട് | മുന്‍ ഭാര്യയുമായി സൗഹൃദമുണ്ടെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം. പെര്‍വാഡ് സ്വദേശിയായ ഓട്ടോഡ്രൈവര്‍ അബൂബക്കര്‍ സിദീഖിക്കിനെയാണ് ഹബീബ് എന്ന് വിളിക്കുന്ന അഭിലാഷ്, കൂട്ടാളി അഹമ്മദ് കബീര്‍ എന്നിവര്‍ ചേര്‍ന്നു കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

അഭിലാഷിന്റെ മുന്‍ ഭാര്യയുമായി അബൂബക്കര്‍ സൗഹൃദത്തിലാണെന്ന് ആരോപിച്ചാണ് ആക്രമണം. കഴിഞ്ഞ ദിവസം മെഗ്രാല്‍ സ്‌കൂളിന് സമീപം ഒമിനി വാനിലെത്തി പ്രതികള്‍ അബൂബക്കറിലെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.

2023 ല്‍ നടന്ന സമൂസ റഷീദ് കൊലക്കേസ്, കഞ്ചാവ് കടത്ത്, വധശ്രമം, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങി പത്ത് കേസുകളില്‍ പ്രതിയാണ് പിടിയിലായ അഭിലാഷ്. നേരത്തെ കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. പോലീസ് പിടിയിലായ അഹമ്മദ് കബീറും നേരത്തെ കേസില്‍ പ്രതിയാണ്.

പ്രതികള്‍ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ ഇരുവര്‍ക്കും എതിരേ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

 

Latest